കോം മോറാൻ മെൻ കബറോ" - ഞങ്ങളുടെ നാഥൻ ഖബറിൽ നിന്നും എഴുന്നേറ്റു (യോഹന്നാൻ 20:1-10).


ബാർ യുഹാനോൻ റമ്പാൻ,

ഗത്സീമോൻ ദയറ, പിറമാടം

തന്ത്രപ്രധാനമായ സ്ഥലങ്ങളിൽ ഡൈനാമിറ്റ് ചാർജുകൾ സ്ഥാപിച്ച് നിയന്ത്രിത സ്ഫോടനം വഴി എഞ്ചിനീയർമാർ കേരളത്തിൽ ഒരു ഫ്ലാറ്റ് തകർക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ കുറച്ചു കാലം മുൻപ് ടീവി ന്യൂസിൽ നമ്മൾ കണ്ടിരുന്നല്ലോ. മുഴുവൻ കെട്ടിടവും തകർന്നു അവശിഷ്ടങ്ങളുടെ കൂമ്പാരമായി തീർന്നത് സെക്കന്റ്‌കൾ കൊണ്ടാണ്. ഇതുപോലെ ഒറ്റ പോയിന്റിൽ അവിശ്വാസം എന്ന സ്ഫോടനം വഴി തകർക്കാൻ കഴിയുന്ന ഒന്നാണ് മുഴുവൻ ക്രിസ്ത്യൻ വിശ്വാസവും. ആ  സുപ്രധാന പോയിന്റാണ് മരണത്തിൽ നിന്നുള്ള മൂന്നാം ദിവസത്തെ യേശുക്രിസ്തുവിന്റെ ശാരീരിക പുനരുത്ഥാനം.പൗലോസ് പറയുന്നു, "ക്രിസ്‌തു ഉയിര്‍പ്പിക്കപ്പെട്ടിട്ടില്ലെങ്കില്‍ നിങ്ങളുടെ വിശ്വാസം നിഷ്‌ഫല മാണ്‌. നിങ്ങള്‍ നിങ്ങളുടെ പാപങ്ങളില്‍ത്തന്നെ വര്‍ത്തിക്കുന്നു"(1 കോറിന്തോസ്‌ 15 : 17).ക്രൈസ്തവ വിശ്വാസത്തിലെ എല്ലാംതന്നെയും യേശു മരിച്ചവരിൽ നിന്ന് ഉയിർത്തെഴുന്നേറ്റു എന്ന ചരിത്ര സത്യത്തിൽ അധിഷ്ഠിതമാണ്. ആ ഒരു സത്യം പൊട്ടിത്തെറിച്ചാൽ ക്രിസ്തീയ വിശ്വാസം തകരും.

എന്നാൽ നമ്മൾ സംസാരിക്കുന്നത് വസ്തുനിഷ്ഠമായ സത്യത്തെക്കുറിച്ചാണെന്ന് എനിക്ക് വ്യക്തമാക്കേണ്ടതുണ്ട്. സത്യത്തിന്റെ ആത്മനിഷ്ഠമായ, അനുഭവ-അധിഷ്ഠിത വീക്ഷണം മുറുകെ പിടിക്കുന്ന ഒരു യുഗത്തിലാണ് നാം ജീവിക്കുന്നത്. എന്നാൽ യേശു മരിച്ചവരിൽ നിന്ന് ശാരീരികമായി ഉയിർത്തെഴുന്നേറ്റെങ്കിൽ, അവൻ മാത്രമാണ് സത്യവും പിതാവിലേക്കുള്ള ഏക വഴിയും (യോഹന്നാൻ 14:6).ഈ സത്യം ഓരോ വ്യക്തിക്കും ബാധകമാണ്. ഏഥൻസിലെ തത്ത്വചിന്തകരോട് പൗലോസ് പ്രഖ്യാപിച്ചതുപോലെ, മനുഷ്യർ പശ്ചാത്തപിക്കണം, "അജ്‌ഞതയുടെ കാലഘട്ടങ്ങളെ ദൈവം കണക്കിലെടുത്തില്ല. എന്നാല്‍, ഇപ്പോള്‍ എല്ലായിടത്തുമുള്ള സകല ജനങ്ങളും പശ്‌ചാത്തപിക്കണമെന്ന്‌ അവിടുന്ന്‌ ആജ്‌ഞാപിക്കുന്നു.

എന്തെന്നാല്‍, താന്‍ നിയോഗിച്ചിരിക്കുന്ന ഒരു മനുഷ്യന്‍ വഴി ലോകത്തെ മുഴുവന്‍ നീതിയോടെ വിധിക്കാന്‍ അവിടുന്ന്‌ ഒരു ദിവസം നിശ്‌ചയിച്ചിരിക്കുന്നു. ആ മനുഷ്യനെ മരിച്ചവരില്‍നിന്ന്‌ ഉയര്‍പ്പിച്ചുകൊണ്ട്‌ അവിടുന്ന്‌ ഇതിന്‌ ഉറപ്പു നല്‍കിയിട്ടുമുണ്ട്‌."

(അപ്പ. പ്രവര്‍ത്തനങ്ങള്‍ 17 : 30-31)

യേശുവിന്റെ പുനരുത്ഥാനം അപ്പോസ്തലന്മാരുടെ സാക്ഷ്യത്തിന്റെ കേന്ദ്രബിന്ദു ആയിരുന്നു. പെന്തക്കോസ്ത് ദിനത്തിൽ പത്രോസ് പ്രസംഗിച്ചു, "ആ യേശുവിനെ ദൈവം ഉയിര്‍പ്പിച്ചു. ഞങ്ങളെല്ലാവരും അതിനു സാക്‌ഷികളാണ്‌ (അപ്പ. പ്രവര്‍ത്തനങ്ങള്‍ 2 : 32).ദേവാലയകവാടത്തിലെ മുടന്തനെ സുഖപ്പെടുത്താൻ ദൈവം തന്നെയും യോഹന്നാനെയും ഉപയോഗിച്ചതിന് ശേഷം കൂടിവന്ന ജനക്കൂട്ടത്തോട് ശ്ലീഹ പ്രമുഖൻ ഇപ്രകാരം പറഞ്ഞു, പരിശുദ്‌ധനും നീതിമാനുമായ അവനെ നിങ്ങള്‍ നിരാകരിച്ചു. പകരം ഒരു കൊലപാതകിയെ വിട്ടുകിട്ടാന്‍ അപേക്‌ഷിച്ചു.

ജീവന്റെ നാഥനെ നിങ്ങള്‍ വധിച്ചു. എന്നാല്‍, ദൈവം അവനെ മരിച്ചവരില്‍ നിന്ന്‌ ഉയിര്‍പ്പിച്ചു. അതിനു ഞങ്ങള്‍ സാക്‌ഷികളാണ്‌. (അപ്പ. പ്രവര്‍ത്തനങ്ങള്‍ 3 : 14-15). അപ്പോസ്തലന്മാരെ യഹൂദന്മാരുടെ സന്നദ്രീം സംഘത്തിന്റെ മുമ്പാകെ ബന്ധിച്ചു കൊണ്ടുപ്പോൾ, പത്രോസ് ധൈര്യത്തോടെ പ്രഖ്യാപിച്ചു, "ഭരണാധികാരികളേ, ജനപ്രമാണികളേ, ഒരു രോഗിക്കു ഞങ്ങള്‍ ചെയ്‌ത ഒരു സത്‌പ്രവൃത്തിയെക്കുറിച്ചാണ്‌, എന്തു മാര്‍ഗങ്ങളുപയോഗിച്ചു ഞങ്ങള്‍ ആ മനുഷ്യനെ സുഖപ്പെടുത്തിയെന്നതിനെക്കുറിച്ചാണ്‌, ഞങ്ങള്‍ ഇന്നു വിചാരണ ചെയ്യപ്പെടുന്നതെങ്കില്‍,

നിങ്ങളും ഇസ്രായേല്‍ജനം മുഴുവനും ഇതറിഞ്ഞിരിക്കട്ടെ. നിങ്ങള്‍ കുരിശില്‍ തറച്ചു കൊല്ലുകയും മരിച്ചവരില്‍നിന്നു ദൈവം ഉയിര്‍പ്പിക്കുകയും ചെയ്‌ത നസറായനായ യേശുക്രിസ്‌തുവിന്റെ നാമത്തിലാണ്‌ ഈ മനുഷ്യന്‍ സുഖം പ്രാപിച്ച്‌ നിങ്ങളുടെ മുമ്പില്‍ നില്‍ക്കുന്നത്‌. വീടുപണിക്കാരായ നിങ്ങള്‍ തള്ളിക്കളഞ്ഞകല്ല്‌ മൂലക്കല്ലായിത്തീര്‍ന്നു. ആ കല്ലാണ്‌ യേശു. മറ്റാരിലും രക്‌ഷയില്ല.

ആകാശത്തിനു കീഴെ മനുഷ്യരുടെയിടയില്‍ നമുക്കു രക്‌ഷയ്‌ക്കുവേണ്ടി മറ്റൊരു നാമവും നല്‍കപ്പെട്ടിട്ടില്ല.

(അപ്പ. പ്രവര്‍ത്തനങ്ങള്‍ 4 : 9-12).

യേശുവിന്റെ പുനരുത്ഥാനത്തിന് ഊന്നൽ നൽകിക്കൊണ്ട് സഭാ ചരിത്രകാരനായ ഫിലിപ്പ് ഷാഫ് ഇങ്ങനെ ഉദ്ധരിക്കുന്നു, "ക്രിസ്തുവിന്റെ പുനരുത്ഥാനം ക്രിസ്ത്യൻ മതത്തിന്റെ സത്യമോ മിഥ്യയോ ആശ്രയിക്കുന്ന ഒരു പരീക്ഷണ ചോദ്യമാണ്. ഇത് ഒന്നുകിൽ ഏറ്റവും വലിയ അത്ഭുതം ആകുന്നു, അല്ലെങ്കിൽ ചരിത്രം രേഖപ്പെടുത്തുന്ന ഏറ്റവും വലിയ വ്യാമോഹമാണ് ഉയിർപ്പ് എന്ന് വരും." ബൈബിൾ അടിസ്ഥാനത്തിൽ പുനരുത്ഥാനത്തെക്കുറിച്ചുള്ള സുവിശേഷ വിവരണങ്ങൾ സമന്വയിപ്പിക്കുന്നതിൽ ചില ബുദ്ധിമുട്ടുകൾ നമുക്ക് ഉണ്ടെന്ന് നാം അംഗീകരിക്കണം.  അതായത് യോഹന്നാൻ മറ്റ് സുവിശേഷങ്ങളിൽ ഉള്ള ചില വിവരണങ്ങൾ നൽകുന്നില്ല, എന്നാൽ അവയില് ഇല്ലാത്ത അല്ലെങ്കിൽ താൻ ചെയ്യുന്നതുപോലെ കൃത്യമായി പ്രദിപാധിയ്ക്കാത്ത ചില വിവരങ്ങൾ നൽകുന്നുമുണ്ട്. ഉദാഹരണത്തിന്, ലൂക്കോസ് 24:12 പത്രോസിന്റെ കബറിങ്കലെ സന്ദർശനത്തെക്കുറിച്ച് പരാമർശിക്കുന്നു, എന്നാൽ യോഹന്നാൻ അവനോടൊപ്പം പോയതായി അതിൽ പരാമർശിക്കുന്നില്ല. മഗ്ദലന മറിയം അതിരാവിലെ ശവകുടീരം സന്ദർശിച്ചതിനെക്കുറിച്ച് യോഹന്നാൻ പറയുന്നു, എന്നാൽ അവളെ അനുഗമിച്ച മറ്റ് സ്ത്രീകളെപറ്റി അവൻ പരാമർശിക്കുന്നില്ല. ഇതുപോലെ കൂടുതൽ വ്യത്യാസങ്ങൾ ഉദ്ധരിക്കാൻ സാധിക്കും പക്ഷെ അതുകൊണ്ട് ഈ വിവരങ്ങൾ പരസ്പര വിരുദ്ധമെന്നോ, അസത്യം എന്നോ അർത്ഥം ആക്കേണ്ടതില്ല. ദൃക്‌സാക്ഷികൾ തങ്ങൾ കണ്ടതും കേട്ടതും റിപ്പോർട്ടുചെയ്യുന്നു, എന്നാൽ ഒരേ സംഭവത്തിന്റെ വ്യത്യസ്ത ദൃക്‌സാക്ഷികൾക്ക് അവർക്ക് പൂർണ്ണമായും ശരിയാണെന്ന് തോന്നുന്ന പരസ്പരവിരുദ്ധമായ വിശദാംശങ്ങൾ റിപ്പോർട്ടുചെയ്യാനാകും എന്നത് ഒരു യാഥാർഥ്യം ആണല്ലോ. യേശുവിന്റെ പുനരുത്ഥാനത്തെക്കുറിച്ച് താൻ കണ്ടതും അതുപോലെ എഴുതിയിരിക്കുന്ന മറ്റെല്ലാ അത്ഭുതങ്ങളും എഴുതാനുള്ള  ഉദ്ദേശ്യം യോഹന്നാൻ 20:30-31 ൽ ഇപ്രകാരം രേഖപ്പെടുത്തിയിട്ടുണ്ട്, "ഈ ഗ്രന്‌ഥത്തില്‍ എഴുതപ്പെടാത്ത മറ്റനേകം അടയാളങ്ങളും യേശു ശിഷ്യരുടെ സാന്നിധ്യത്തില്‍ പ്രവര്‍ത്തിച്ചു.

എന്നാല്‍, ഇവതന്നെയും എഴുതപ്പെട്ടിരിക്കുന്നത്‌, യേശു ദൈവപുത്രനായ ക്രിസ്‌തുവാണെന്നു നിങ്ങള്‍ വിശ്വസിക്കുന്നതിനും അങ്ങനെ വിശ്വസിക്കുക നിമിത്തം നിങ്ങള്‍ക്ക്‌ അവന്റെ നാമത്തില്‍ ജീവന്‍ ഉണ്ടാകുന്നതിനും വേണ്ടിയാണ്‌."

യേശുവിന്റെ ശാരീരിക പുനരുത്ഥാനത്തിനുള്ള തെളിവുകൾ അവനെ രക്ഷകനും കർത്താവുമായി വിശ്വസിക്കാൻ നമ്മെ പ്രേരിപ്പിക്കുന്നവയാണ്. " അതുകൊണ്ട്, യേശുവിന്റെ മരണത്തിൽ നിന്നുള്ള ശാരീരിക പുനരുത്ഥാനത്തിനുള്ള യോഹന്നാന്റെ സുവിശേഷത്തിലെ അഞ്ച് തെളിവുകൾ നമുക്ക് പരിഗണിക്കാം.

1. യേശുവിന്റെ പുനരുത്ഥാനത്തിന്റെ ആദ്യ തെളിവ്: കല്ല് ഉരുട്ടിമാറ്റപെട്ടിരുന്നു, കല്ലറ ശൂന്യമായിരുന്നു.

യോഹന്നാൻ (20:1)ൽ മഗ്‌ദലന മറിയ നേരത്തെ കല്ലറയ്‌ക്കരികിലെത്തി “കല്ലറയിൽനിന്ന് കല്ല് എടുത്തുകളഞ്ഞത് കണ്ടു” എന്ന് എഴുതപ്പെട്ടിരിക്കുന്നു. കബറിടം കൊള്ളക്കാരിൽ നിന്ന് സുരക്ഷിതമാക്കാൻ കല്ലറയുടെ മുൻവശത്തുള്ള കവാടത്തിൽ സ്ഥാപിച്ചിരിക്കുന്ന വലിയ, ഉരുണ്ട കല്ലായിരുന്നു ഇത്. ആ കല്ല് കല്ലറയുടെ വാതിലിൽ നിന്ന് ഉരുട്ടാൻ നിരവധി ശക്തരായ ആളുകൾ വേണ്ടിവരുമായിരുന്നു. ശിഷ്യന്മാർ വന്ന് യേശുവിന്റെ ശരീരം മോഷ്ടിക്കുമെന്നും അവൻ ഉയിർത്തെഴുന്നേറ്റുവെന്ന് അവകാശപ്പെടുമെന്നും യഹൂദ നേതാക്കൾ ഭയപ്പെട്ടു. അങ്ങനെ അവർ പീലാത്തോസിന്റെ അടുത്ത് ചെന്ന് കല്ലറ സുരക്ഷിതമാക്കാൻ  റോമൻ കാവൽക്കാരെ കൊണ്ടുവന്നു (മത്താ. 27:63-66).

അവർ കല്ലിന്മേൽ ഒരു മുദ്രയിടുകയും കല്ലറയ്ക്ക് കാവൽനിൽക്കുകയും ചെയ്‌തപ്പോൾ മൂന്നാം ദിവസം ഒരു ദൈവദൂതൻ വന്ന് കല്ല് ഉരുട്ടിക്കളഞ്ഞു (മത്താ. 28:1-4) അത് യേശുവിനു പുറത്തുപോകാനല്ല, മറിച്ചു പുനരുത്ഥാനത്തിന്റെ സാക്ഷികൾക്ക് ശവകുടീരം ശൂന്യമാണെന്ന് പരിശോധിക്കാൻ വേണ്ടി ആണ്. കാവൽക്കാർ യഹൂദ നേതാക്കന്മാരോട് എന്താണ് സംഭവിച്ചതെന്ന് അറിയിച്ചു, അവർ അവർക്ക് വലിയൊരു തുക നൽകി, കാവൽക്കാർ ഉറങ്ങുമ്പോൾ ശിഷ്യന്മാർ രാത്രിയിൽ വന്ന് യേശുവിന്റെ ശരീരം മോഷ്ടിച്ചുവെന്ന് ആര് ചോദിച്ചാലും അവരോട് മറുപടി പറയണമെന്ന് നിർദേശം കൊടുത്തു (മത്താ. 28:11-15 ).

യഹൂദന്മാർ പ്രചരിപ്പിച്ച ആ കഥയിൽ പല പ്രശ്നങ്ങളും ഉണ്ട്. കാവലിൽ കിടന്ന് ഉറങ്ങിയിരുന്നെങ്കിൽ റോമൻ കാവൽക്കാർക്ക് വധശിക്ഷ ലഭിക്കുമായിരുന്നു. മയങ്ങിയിരുന്നെങ്കിൽ പോലും, ഒരു കൂട്ടം മനുഷ്യർ ഭാരമുള്ള കല്ല് ചലിപ്പിക്കുന്ന ശബ്ദം അവരെ ഉണർത്തുമായിരുന്നു. കൂടാതെ, കുരിശുമരണത്തിന് ശേഷം, ശിഷ്യന്മാർ വളരെ വിഷാദവും ഭയവും ഉള്ളവരായിരുന്നു. അവർ യേശുവിന്റെ ശരീരം മോഷ്ടിക്കുകയോ അല്ലെങ്കിൽ അത് കൊണ്ടുപോകാൻ കാവൽക്കാർക്ക് കൈക്കൂലി നൽകുകയോ ചെയ്‌തിരുന്നെങ്കിൽപ്പോലും, ഒരു തട്ടിപ്പാണെന്ന് തങ്ങൾക്കറിയാവുന്നത് പ്രഖ്യാപിക്കാൻ അവർ പീഡനവും ഒടുവിൽ രക്തസാക്ഷിത്വവും സഹിക്കുമായിരുന്നില്ല.

കല്ല് ഉരുട്ടിമാറ്റിയതിനു പുറമേ, കല്ലറ ശൂന്യമായിരുന്നു. മഗ്ദലന മറിയം പുനരുത്ഥാനം പ്രതീക്ഷിച്ചിരുന്നില്ല, എന്നാൽ കല്ല് ഉരുട്ടിക്കളഞ്ഞതായി കണ്ടപ്പോൾ, യേശുവിന്റെ ശരീരം ആരോ എടുത്തതായി അവൾ അനുമാനിച്ചു. "അവർ കർത്താവിനെ കല്ലറയിൽനിന്ന് എടുത്തുകൊണ്ടുപോയി, അവനെ എവിടെ വെച്ചെന്ന് ഞങ്ങൾക്കറിയില്ല" എന്ന് അറിയിക്കാൻ അവൾ ഉടനെ ശിഷ്യന്മാരുടെ അടുത്തേക്ക് ഓടി (യോഹന്നാൻ 20:2). ഇത് പത്രോസും യോഹന്നാനും തങ്ങളെത്തന്നെ കാണാൻ കല്ലറയിലേക്ക് ഓടാൻ ഇടയാക്കി. യോഹന്നാൻ പത്രോസിനെ മറികടന്നു, പക്ഷേ അവൻ കല്ലറയിലേക്ക് പോകാൻ മടിച്ചു. അവൻ കുനിഞ്ഞ് അകത്തേക്ക് നോക്കി, ശ്മശാന വസ്ത്രങ്ങൾ കണ്ടു. സാധാരണഗതിയിൽ ആവേശഭരിതനായ പത്രോസ് യോഹന്നാനെ മറികടന്ന് അകത്തേക്ക് പോയി. തുടർന്ന് യോഹന്നാൻ കല്ലറയിലേക്ക് പോയി, യേശുവിന്റെ ശരീരം അവിടെ ഇല്ലെന്ന് ഇരുവരും സ്ഥിരീകരിച്ചു.

യേശുവിന്റെ ശരീരം എവിടെയാണെന്ന് യഹൂദ നേതാക്കൾക്ക് അറിയാമായിരുന്നെങ്കിൽ, അപ്പോസ്തലന്മാർ പുനരുത്ഥാനം പ്രഖ്യാപിക്കാൻ തുടങ്ങിയ നിമിഷം തന്നെ അവർ അത് പരസ്യപ്പെടുത്തുമായിരുന്നു. അങ്ങനെ കല്ല് ഉരുട്ടിക്കളഞ്ഞു, ശൂന്യമായ കല്ലറ രണ്ടും യേശുവിന്റെ മരിച്ചവരിൽ നിന്നുള്ള ശാരീരിക പുനരുത്ഥാനത്തിന് സാക്ഷ്യം വഹിക്കുന്നു.

2. യേശുവിന്റെ പുനരുത്ഥാനത്തിനുള്ള രണ്ടാമത്തെ തെളിവ്: ശ്മശാന വസ്ത്രങ്ങൾ.

മറ്റ് സുവിശേഷങ്ങളെ അപേക്ഷിച്ച് യോഹന്നാൻ യേശുവിന്റെ ശ്മശാന വസ്ത്രങ്ങളെകുറിച്ച് കൂടുതൽ വിശദമായി പറയുന്നു. യോഹന്നാൻ ശ്ലീഹാ ഈ ഭാഗം പറയുമ്പോൾ "കാണുക" എന്നർത്ഥമുള്ള മൂന്ന് വ്യത്യസ്ത ഗ്രീക്ക് വാക്കുകൾ ഉപയോഗിക്കുന്നുണ്ട്. യോഹന്നാൻ ആദ്യമായി കബറിങ്കൽ എത്തിയപ്പോൾ, കുനിഞ്ഞ് അകത്തേക്ക് നോക്കി, അവിടെ ലിനൻ തുണി (ശവകച്ച or ശ്മശാന വസ്ത്രം) കിടക്കുന്നത് കണ്ടു, പക്ഷേ അവൻ അകത്ത് കടന്നില്ല (യോഹന്നാൻ 20:5). സാധാരണ പ്രാഥമിക കാഴ്ചയല്ലാതെ മറ്റൊന്നിനെയും സൂചിപ്പിക്കാത്ത βλέπει (ബ്ലെപീ ) എന്ന സാധാരണ ഗ്രീക്ക് പദം അദ്ദേഹം ഇവിടെ ഉപയോഗിക്കുന്നു. എന്നാൽ പത്രോസ് അവിടെ എത്തിയപ്പോൾ അവൻ കല്ലറയിൽ പ്രവേശിച്ചു, വസ്ത്രങ്ങൾ കണ്ടു (യോഹന്നാൻ 20:6). ഇവിടെ ഉപയോഗിക്കുന്ന θεωρεῖ (തിയൊറെയ്)ഗ്രീക്ക് പദത്തിന് എന്തെങ്കിലും വസ്തുവിനെ സൂക്ഷ്മമായി നോക്കുന്നതോ പരിശോധിക്കുന്നതോ നിരീക്ഷണം നടത്തുന്നതോ ആയ  അർത്ഥം ഉണ്ട്. ഈ ഗ്രീക്ക് പദത്തിൽ നിന്നാണ് നമുക്ക് തിയേറ്റർ എന്ന ഇംഗ്ലീഷ് വാക്ക് ലഭിക്കുന്നത്. ഉദാഹരണമായി ഒരു നാടകത്തിന്റെ ഒരു ഭാഗവും കാണാതെ പോകാതിരിക്കാൻ തിയേറ്ററിലെ പ്രേക്ഷകർ അത്  'തിയൊറെയ് ' ചെയ്യുന്നു അഥവാ ശ്രദ്ധയോടെ വീക്ഷിക്കുന്നു എന്നത് പോലെ. ഒടുവിൽ, യോഹന്നാൻ അകത്തു കടന്നു, കണ്ടു, വിശ്വസിച്ചു (യോഹന്നാൻ 20:8). വിവേകത്തോടെ കാണുക എന്നർത്ഥമുള്ള   εἶδεν (എയ്ദോൻ) എന്ന ഒരു ഗ്രീക്ക് വാക്കാണ്  ഇവിടെ ഉപയോഗിക്കുന്നത്.


പത്രോസും യോഹന്നാനും എന്താണ് കണ്ടത്? യഹൂദരുടെ ശവസംസ്‌കാരങ്ങളിൽ ശവശരീരം ലിനൻ തുണികൾ കൊണ്ട് പൊതിഞ്ഞ്, ശവശരീരത്തിന്റെ ദുർഗന്ധം അകറ്റാൻ മടക്കുകളിൽ സുഗന്ധദ്രവ്യങ്ങൾ ഇട്ടിരുന്നു. തല പ്രത്യേകം പൊതിഞ്ഞു വയ്ക്കുകയും ചെയ്യും. പത്രോസും യോഹന്നാനും യേശുവിന്റെ തല പൊതിഞ്ഞ മുഖത്തുണി ശരീരം പൊതിഞ്ഞ തുണിയുടെ കൂടെയല്ലാതെ പ്രത്യേകമായി ഒരു ക്രമത്തിൽ ചുരുട്ടി മാറ്റി വച്ചിരിക്കുന്നത് കണ്ടു, ശവക്കച്ച അവിടെ മാറി വെറുതെ കിടക്കുന്നതും കണ്ടു. പക്ഷേ യേശുവിന്റെ ശരീരം അവിടെ നിന്നും അപ്രത്യക്ഷമായിരുന്നു. ശരീരം മോഷ്ടിക്കുക ആയിരുന്നുവെങ്കിൽ സംഭവസ്ഥലത്തെ ശ്മശാന വസ്ത്രങ്ങൾ നീക്കം ചെയ്യാൻ ശ്മശാന മോഷ്ടാക്കൾക്കു ഒട്ടും സമയമെടുക്കുമായിരുന്നില്ല, സാധാരണ രീതിയിൽ ചിന്തിച്ചാൽ ശ്മശാന വസ്ത്രങ്ങൾക്കൊപ്പം മൃതദേഹം പിടിച്ചെടുത്ത് കൊണ്ടുപോകുമായിരുന്നു. അല്ലെങ്കിൽ, അവ നീക്കം ചെയ്തിരുന്നെങ്കിൽ, അവർ അവയെ ക്രമരഹിതമായ രീതിയിൽ ഉപേക്ഷിച്ചു പോകുമായിരുന്നു. വേദശാസ്ത്രജ്ഞനായ ഡി. എ  കാർസൻ  ഇപ്രകാരം നിരീക്ഷിക്കുന്നു, “വിവരണം ശക്തവും ഉജ്ജ്വലവുമാണ്, സ്വപ്നം കണ്ടത് പോലെയല്ല; രണ്ടുപേർ അത് വ്യക്തമായി കണ്ടു  എന്ന വസ്തുത (യോഹന്നാൻ 20:5- 8) ഒരു യഹൂദ കോടതിയിൽ അവരുടെ തെളിവുകൾ സ്വീകാര്യമാക്കുന്നു (ആവർത്തനം 19:15)"  D. A. Carson (The Gospel According to John [Eerdmans/Apollos], pp. 637-638).

യേശു ലാസറിനെ ഉയിർപ്പിച്ചപ്പോൾ, രോഗത്തിനും മരണത്തിനും വിധേയമായ തന്റെ പഴയ ശരീരത്തിൽ ലാസർ ഉയിർത്തെഴുന്നേറ്റു. അതിനാൽ ലാസറിനു ശവക്കല്ലറയിൽ നിന്നും സ്വയം പുറത്തുപോകാൻ കഴിഞ്ഞില്ല, പക്ഷേ മറ്റുള്ളവരാൽ തന്റെ കച്ചയുടെ ബന്ധനം അഴിക്കേണ്ടതായി വന്നു (യോഹന്നാൻ 11:44). എന്നാൽ യേശു ഉയിർപ്പിക്കപ്പെട്ടത് മരണത്തിന് വിധേയമല്ലാത്ത ഒരു പുനരുത്ഥാന ശരീരത്തോടെയാണ്. ആ പുതിയ ശരീരം ഭൗതികമാണെങ്കിലും അത് രൂപാന്തരണം സംഭവിച്ചത് ആണ്. അതിനാൽ കബറിനെ മറികടന്നുപോകാൻ അവനു കഴിയും, അവന്റെ ശരീരം ദ്രവത്വം കാണുകയുമില്ല. പിന്നീട് നമുക്ക് കാണുവാൻ കഴിയുന്നുണ്ട്, യേശുവിനു അടഞ്ഞ വാതിലുകൾ തുറക്കാതെ കടന്നുപോകാനും ഇഷ്ടാനുസരണം പെട്ടെന്ന് പ്രത്യക്ഷപ്പെടാനും അപ്രത്യക്ഷമാകാനും കഴിഞ്ഞു എന്നത് (യോഹന്നാൻ 20:19, 26; ലൂക്കോസ് 24:15, 31).

3. യേശുവിന്റെ പുനരുത്ഥാനത്തിനുള്ള മൂന്നാമത്തെ തെളിവ്: പുനരുത്ഥാനത്തിനു ശേഷമുള്ള അവന്റെ രൂപം.

ഇവിടെ നമുക്ക് അപ്പോസ്തലനായ യോഹന്നാന്റെ സുവിശേഷത്തിന്റെ ബാക്കി ഭാഗത്തേക്ക് നോക്കാം. യേശുവിന്റെ പുനരുത്ഥാനത്തിനു ശേഷമുള്ള നാല് ഭാവങ്ങൾ അഥവാ രൂപങ്ങൾ അദ്ദേഹം ഉദ്ധരിക്കുന്നു: ഒന്ന്,മഗ്ദലന മറിയത്തിനു പ്രത്യക്ഷപെട്ടപ്പോൾ (20:11-18); രണ്ട്, തോമ ശ്ലീഹാ ഒഴികെയുള്ള ശിഷ്യന്മാർക്ക് (20:19-23); മൂന്ന്, തോമ ശ്ലീഹ ഉൾപ്പെടെയുള്ള ശിഷ്യന്മാർക്ക് (20:24-31); നാല്, ഗലീലി കടൽത്തീരത്ത് (21:1-25) ഏഴു ശിഷ്യന്മാർക്കും. ഒരേ സമയം ഒരാൾ മുതൽ 500-ലധികം ആളുകൾ ഉൾപ്പെടെയുള്ള മറ്റ് പല പ്രത്യക്ഷ ഭാവങ്ങളെയും പൗലോസ് ശ്ലീഹാ പരാമർശിക്കുന്നുണ്ട്, അവരിൽ പലരും അദ്ദേഹം എഴുതുമ്പോൾ ജീവിച്ചിരിപ്പുണ്ടായിരുന്നു (1 കൊരി. 15:6-8). ഭാവങ്ങളുടെ വ്യത്യസ്ത സാഹചര്യങ്ങളും സാക്ഷികളുടെ വ്യത്യസ്ത വ്യക്തിത്വങ്ങളും ഭ്രമാത്മകതയ്‌ക്കോ ദർശനങ്ങൾക്കോ ​​എതിരായി പോരാടുന്ന സുശക്തമായ തെളിവുകൾ ആണ്. ആദ്യം സംശയം തോന്നിയ തോമായ്ക്ക് പോലും ഉയിർത്തെഴുന്നേറ്റ കർത്താവിനെ കണ്ടപ്പോൾ ബോധ്യമായി (യോഹന്നാൻ 20:27).

വേദശാസ്ത്രജ്ഞൻ ജോൺ വാർവിക്കിന്റെ അഭിപ്രായത്തിൽ, യേശുവിന്റെ ശിഷ്യന്മാർ പുനരുത്ഥാനം പ്രഖ്യാപിച്ചപ്പോൾ, അവർ അത് ദൃക്സാക്ഷികളായി ചെയ്തു, അവർ പറഞ്ഞ സംഭവങ്ങളുമായി സമ്പർക്കം പുലർത്തിയ ആളുകൾ ജീവിച്ചിരിക്കുമ്പോൾ തന്നെ അവർ അങ്ങനെ ചെയ്തു. ആദിമ ക്രിസ്ത്യാനികൾ ഇത്തരമൊരു പ്രഖ്യാപനം സാക്ഷിക്കുകയും, പ്രസംഗിക്കാനും ചെയ്യുമ്പോൾ  യേശുവിന്റെ ശരീരം ഒളിപ്പിച്ചിട്ടുണ്ടെങ്കിൽ അത് കണ്ടെടുത്ത് ക്രൈസ്തവ സാക്ഷ്യത്തെ എളുപ്പത്തിൽ ഖണ്ഡിക്കാവുന്നവർക്കിടയിൽ ആയിരുന്നു എന്നത് അവിശ്വാസ്യതയുടെ പ്രതിബന്ധങ്ങൾ അവർ മറികടക്കുന്നു. [John Warwick Montgomery (History and Christianity [IVP], p. 19, cited by McDowell, ibid., p. 233)]

യേശുവിന്റെ പുനരുത്ഥാനത്തെക്കുറിച്ചുള്ള എല്ലാ സാക്ഷ്യങ്ങളും വിശ്വാസികൾ നൽകിയതാണെന്ന് ഒരു സന്ദേഹവാദി എതിർത്തേക്കാം. എന്ത് കൊണ്ട് അവിശ്വാസികൾക്ക് വിശ്വാസത്തിലേക്ക് വരാൻ യേശു പ്രത്യക്ഷപ്പെട്ടില്ല? കൊർണേലിയസിന്റെ വീട്ടിൽ കൂടിയിരുന്ന വിജാതീയരോട് പ്രസംഗിച്ചപ്പോൾ പത്രോസ് ഇതിനെക്കുറിച്ച് പരാമർശിക്കുന്നു, എന്നാല്‍, ദൈവം അവനെ മൂന്നാംദിവസം ഉയിര്‍പ്പിക്കുകയും പ്രത്യക്‌ഷനാക്കുകയും ചെയ്‌തു.

എല്ലാവര്‍ക്കുമല്ല, സാക്‌ഷികളായി ദൈവം മുന്‍കൂട്ടി തെരഞ്ഞെടുത്ത ഞങ്ങള്‍ക്കു മാത്രം. അവന്‍ മരിച്ചവരില്‍നിന്ന്‌ ഉയിര്‍ത്തെഴുന്നേറ്റതിനുശേഷം, അവനോടുകൂടെ ഭക്‌ഷിക്കുകയും പാനംചെയ്യുകയും ചെയ്‌തവരാണ്‌ ഞങ്ങള്‍.(അപ്പ. പ്രവര്‍ത്തനങ്ങള്‍ 10 : 40-41)

എന്നാൽ ഉയിർത്തെഴുന്നേറ്റ രക്ഷകൻ പിന്നീട് ഒരു തീവ്രവാദിയായ അവിശ്വാസിക്ക് സ്വയം വെളിപ്പെടുത്തി: തർസ്സൂസ്സിലെ സൗൽ, എന്നാൽ അസാധാരണമായ കൃപ അവനിൽ കാണിക്കപ്പെട്ടതിനാൽ പിന്നീട് അപ്പോസ്തലനായ പൗലോസ് എന്ന് സൗൽ അറിയപ്പെട്ടു. പൗലോസിന്റെ നാടകീയമായ പരിവർത്തനം വിശദീകരിക്കാനുള്ള ഏക മാർഗം അവൻ ഉയിർത്തെഴുന്നേറ്റ കർത്താവായ യേശുവിനെ കണ്ടു എന്നതാണ്.  സാധാരണയായി, അഹങ്കാരികളായ സന്ദേഹവാദികൾക്ക് ദൈവം തന്നെത്തന്നെ വെളിപ്പെടുത്തുകയില്ല, പ്രത്യേകിച്ചും അവൻ അവർക്ക് നൽകിയ വെളിച്ചം അവർ ഇതിനകം നിരസിച്ചിരിക്കുമ്പോൾ. യഹൂദ നേതാക്കൾ ക്രിസ്തുവിനെപറ്റിയുള്ള അനേകം സാക്ഷ്യങ്ങളെ തള്ളിക്കളഞ്ഞിരുന്നു (യോഹന്നാൻ 5:31-40), അതിനാൽ അവൻ തന്റെ പുനരുത്ഥാനത്തിനുശേഷം അപ്പോസ്തലന്മാരുടെ സാക്ഷ്യത്തിലൂടെയല്ലാതെ അവർക്ക് തന്നെത്തന്നെ കാണിച്ചുകൊടുത്തില്ല, , അവരോ അതും നിരസിച്ചു. ജീവൻ പ്രാപിക്കാൻ യേശുവിന്റെ അടുക്കൽ വരാൻ അവർ വിസമ്മതിച്ചു, അതിനാൽ അവർ ന്യായവിധിക്ക് ഏൽപ്പിക്കപ്പെട്ടു. എന്നാൽ യേശുവിനെ കർത്താവായി അംഗീകരിക്കാൻ  തയ്യാറുള്ളവർക്ക്, ഉയിർപ്പിനു ശേഷമുള്ള അവന്റെ പ്രത്യക്ഷതകൾ അവന്റെ പുനരുത്ഥാനത്തിന്റെ ശക്തമായ തെളിവുകൾ ആയിട്ട് ഇന്നും സാക്ഷിക്കുന്നു.

4. യേശുവിന്റെ പുനരുത്ഥാനത്തിനുള്ള നാലാമത്തെ തെളിവ്: സാക്ഷികളുടെ മാറിയ ജീവിതം.

 സാക്ഷികൾ ആരും പുനരുത്ഥാനം പ്രതീക്ഷിച്ചിരുന്നില്ലെന്ന് യോഹന്നാൻ ശ്ലീഹാ നമ്മെ കാണിക്കുന്നു. യേശുവിന്റെ ശരീരം ആരോ എടുത്തുകൊണ്ടുപോയതായി മഗ്ദലന മറിയം കരുതി (യോഹന്നാൻ 20:2, 15). യേശു മരിച്ചവരിൽ നിന്ന് ഉയിർത്തെഴുന്നേൽക്കണമെന്ന തിരുവെഴുത്ത് യോഹന്നാനോ പത്രോസിനോ ആദ്യം മനസ്സിലായില്ല (യോഹന്നാൻ 20:9). ശിഷ്യന്മാരെല്ലാം ഭയചകിതരും ആശയക്കുഴപ്പത്തിലുമായിരുന്നു. തോമാ ശ്ലീഹായ്ക്ക് വിഷാദവും സംശയവുമായിരുന്നു. എന്നാൽ യേശു മരിച്ചവരിൽ നിന്ന് ശാരീരികമായി ഉയിർത്തെഴുന്നേറ്റുവെന്ന് ബോധ്യപ്പെട്ടതിനാൽ എല്ലാവരും അപ്പോസ്‌തോല പ്രവൃത്തികളുടെ പുസ്തകത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന പ്രകാരം ധീരരായ സാക്ഷികളായി രൂപാന്തരപ്പെട്ടു. പുനരുത്ഥാനം സത്യമാണെന്ന് അവർക്ക് ബോധ്യപ്പെട്ടതിനാൽ അവരിൽ പലരും പിന്നീട് യേശുവിനെ പ്രതിയും അവന്റെ ഉയർപ്പിന്റെ സുവിശേഷത്തെ പ്രതിയും രക്തസാക്ഷികളായി മരിച്ചു.

ശൂന്യമായ ശവകുടീരവും ശ്മശാന വസ്ത്രങ്ങളും കണ്ടപ്പോൾ യോഹന്നാൻ ഇവിടെ (യോഹന്നാൻ 20: 8) തന്റെ സ്വന്തം വിശ്വാസ മാറ്റത്തിലേക്ക് ശ്രദ്ധ ക്ഷണിക്കുന്നു: "അങ്ങനെ ആദ്യം കല്ലറയുടെ അടുത്ത് വന്ന മറ്റേ ശിഷ്യനും പ്രവേശിച്ചു, അവൻ കണ്ടു വിശ്വസിച്ചു." യോഹന്നാനും മറ്റ് അപ്പോസ്തലന്മാരും ഇതിനകം തന്നെ യേശുവിൽ വിശ്വസിച്ചിരുന്നു, അവർ അവനെ അനുഗമിച്ചത് ആ വിശ്വാസത്തിന്റെ തെളിവാണ്. അങ്ങനെയെങ്കിൽ ഇവിടെ യോഹന്നാൻ എന്താണ് വിശ്വസിച്ചത് എന്ന് പരാമർശം ചെയ്തിരിക്കുന്നത്? തീർച്ചയായും അത് മരിച്ചവരിൽ നിന്നുള്ള യേശുവിന്റെ പുനരുത്ഥാനത്തിൽ അവൻ വിശ്വസിച്ചു എന്നുള്ള സാക്ഷ്യം ആണ് (യോഹന്നാൻ 20:25, 27, 29 കാണുക). ഡോ. കാർസൺ (പേജ് 638) ചൂണ്ടിക്കാണിക്കുന്നത്, "ആദ്യകാല സാക്ഷികളിൽ ഭൂരിഭാഗവും യേശുവിനെ മരിച്ചവരിൽ നിന്ന് ജീവനോടെ കണ്ടതിന് ശേഷമാണ് പുനരുത്ഥാനം വിശ്വസിച്ചത്, എന്നാൽ യേശുവിനെ ഉയിർത്തെഴുന്നേറ്റ രൂപത്തിൽ കാണുന്നതിന് മുമ്പ് അപ്പോസ്തോലനായ യോഹന്നാൻ അത്തരമൊരു വിശ്വാസത്തിലേക്ക് വന്നു." കൂടാതെ, യോഹന്നാൻ 20:9 വിശദീകരിക്കുന്നു, "അവന്‍ മരിച്ചവരില്‍നിന്ന്‌ ഉയിര്‍ത്തെഴുന്നേല്‍ക്കേണ്ടിയിരിക്കുന്നു എന്നതിരുവെഴുത്ത്‌ അവര്‍ അതുവരെ മനസ്‌സിലാക്കിയിരുന്നില്ല."

എശയ പ്രവചനം 53 ആം അധ്യായത്തിൽ മിശിഹാ ജീവിച്ചിരിക്കുന്നതിനെ കുറിച്ചും ആടിനെപ്പോലെ അറുക്കപ്പെടുന്നതിലേക്ക് (അവന്‍ മര്‍ദിക്കപ്പെടുകയും പീഡിപ്പിക്കപ്പെടുകയും ചെയ്‌തു. എങ്കിലും അവന്‍ ഉരിയാടിയില്ല; കൊല്ലാന്‍ കൊണ്ടുപോകുന്ന കുഞ്ഞാടിനെപ്പോലെയും രോമം കത്രിക്കുന്നവരുടെ മുന്‍പില്‍ നില്‍ക്കുന്ന ചെമ്മരിയാടിനെപ്പോലെയും അവന്‍ മൗനം പാലിച്ചു.

വാക്യം :7) നയിക്കപ്പെട്ടതിനു ശേഷം അവന്റെ സന്തതികളെ കാണുന്നതിനെ കുറിച്ചും പറയുന്നു ( പാപപരിഹാരബലിയായി തന്നെത്തന്നെ അര്‍പ്പിക്കുമ്പോള്‍ അവന്‍ തന്റെ സന്തതിപരമ്പരയെ കാണുകയും ദീര്‍ഘായുസ്‌സു പ്രാപിക്കുകയും ചെയ്യും; കര്‍ത്താവിന്റെ ഹിതം അവനിലൂടെ നിറവേറുകയും ചെയ്യും.

വാക്യം:10). 22-ാം സങ്കീർത്തനം ക്രിസ്തുവിന്റെ ക്രൂശീകരണത്തിലൂടെയുള്ള മരണത്തെ വിവരിക്കുന്നു (അധര്‍മികളുടെ സംഘം എന്നെ വളഞ്ഞിരിക്കുന്നു;

അവര്‍ എന്റെ കൈകാലുകള്‍ കുത്തിത്തുളച്ചു;

സങ്കീര്‍ത്തനങ്ങള്‍ 22 : 16), 

എന്നാൽ 22-ാം വാക്യത്തിൽ ദാവീദ്  മിശിഹായെ പ്രഖ്യാപിക്കുമ്പോൾ നിലവിലുള്ള മാനസികാവസ്ഥ പെട്ടെന്ന് മാറുന്നു,(ഞാന്‍ അവിടുത്തെനാമം എന്റെ സഹോദരരോടു പ്രഘോഷിക്കും,

സഭാമധ്യത്തില്‍ ഞാന്‍ അങ്ങയെ പുകഴ്‌ത്തും.

സങ്കീര്‍ത്തനങ്ങള്‍ 22 : 22), സങ്കീർത്തനം 16:10-ൽ ഉയിർത്ത് എഴുന്നേറ്റ മിശിഹായെ പ്രഖ്യാപിക്കുന്നു, “അവിടുന്ന്‌ എന്നെ പാതാളത്തില്‍ തള്ളുകയില്ല;

അങ്ങയുടെ പരിശുദ്‌ധന്‍ ജീര്‍ണിക്കാന്‍അനുവദിക്കുകയില്ല."

(സങ്കീര്‍ത്തനങ്ങള്‍ 16 : 10). പെന്തക്കോസ്ത് നാളിൽ, പത്രോസ് ആ വാക്യം ഉദ്ധരിക്കുകയും, തന്റെ ശവകുടീരത്തിൽ അപ്പോഴും ഉണ്ടായിരുന്ന സങ്കീർത്തനക്കാരനായ ദാവീദിനെ പറ്റി ഇങ്ങനെ പരാമർശിക്കാൻ കഴിയില്ലെന്ന് വിശദീകരിക്കുകയും മറിച്ച്, ദൈവം മരിച്ചവരിൽ നിന്ന് ഉയിർപ്പിച്ച യേശുവിനെക്കുറിച്ചാണ് ദാവീദ് പറഞ്ഞത് എന്ന് പ്രസംഗിക്കുകയും ചെയ്തു, "സഹോദരരേ, ഗോത്രപിതാവായ ദാവീ ദിനെക്കുറിച്ചു നിങ്ങളോടു ഞാന്‍ വ്യക്‌തമായിപ്പറഞ്ഞുകൊള്ളട്ടെ. അവന്‍ മരിക്കുകയും സംസ്‌കരിക്കപ്പെടുകയും ചെയ്‌തു. അവന്റെ ശവകുടീരം ഇന്നും നമ്മുടെയിടയില്‍ ഉണ്ടല്ലോ.

അവന്‍ പ്രവാചകനായിരുന്നു; തന്റെ അനന്തരഗാമികളില്‍ ഒരാളെ തന്റെ സിംഹാസനത്തില്‍ ഉപവിഷ്‌ടനാക്കും എന്നു ദൈവം അവനോടു ചെയ്‌ത ശപഥം അവന്‍ അറിയുകയും ചെയ്‌തിരുന്നു.

അതുകൊണ്ടാണ്‌, അവന്‍ പാതാളത്തില്‍ ഉപേക്‌ഷിക്കപ്പെട്ടില്ല; അവന്റെ ശരീരം ജീര്‍ണിക്കാന്‍ ഇടയായതുമില്ല എന്നു ക്രിസ്‌തുവിന്റെ പുനരുത്‌ഥാനത്തെ മുന്‍കൂട്ടി ദര്‍ശിച്ചുകൊണ്ട്‌ അവന്‍ പറഞ്ഞത്‌.

ആ യേശുവിനെ ദൈവം ഉയിര്‍പ്പിച്ചു. ഞങ്ങളെല്ലാവരും അതിനു സാക്‌ഷികളാണ്‌."

(അപ്പ. പ്രവര്‍ത്തനങ്ങള്‍ 2 : 29-32). കൂടാതെ, നമ്മുടെ വാചകത്തിൽ സൂചിപ്പിച്ചിരിക്കുന്ന സാക്ഷികളുടെ ജീവിതത്തിൽ മറ്റൊരു സൂക്ഷ്മമായ മാറ്റമുണ്ട്. യോഹന്നാൻ 20:1-ൽ മറിയം ആഴ്ചയുടെ ആദ്യ ദിവസം (ഞായർ) കല്ലറയ്ക്കൽ വന്നതായി പരാമർശിക്കുന്നു. ആദിമ സഭ ആരാധനയ്ക്കായി ഒത്തുകൂടിയിരുന്നത് യഹൂദ ശബ്ബത്തിലല്ല, ഞായറാഴ്ചയാണെന്ന് സഭാ ചരിത്രം സ്ഥിരീകരിക്കുന്നു (അപ്പ. 20:7; 1 കോറി. 16:2). നൂറ്റാണ്ടുകളായി നിലനിന്നിരുന്ന ഒരു സ്ഥാപനത്തെ അവർ എന്തിന് മാറ്റും? മരിച്ചവരിൽ നിന്നുള്ള കർത്താവിന്റെ പുനരുത്ഥാനം പ്രഘോഷിക്കാനും ആഘോഷിക്കാനുമാണ് അവർ അത് ചെയ്തത്.

അങ്ങനെ കല്ല് ഉരുട്ടിമാറ്റപ്പെട്ട ശൂന്യമായ കല്ലറ; ശ്മശാന വസ്ത്രങ്ങൾ; പുനരുത്ഥാനത്തിനു ശേഷമുള്ള പ്രത്യക്ഷഭാവങ്ങൾ; സാക്ഷികളുടെ മാറിയ ജീവിതവും യേശു ഉയിർത്തെഴുന്നേറ്റു എന്നതിന്റെ തെളിവാണ്. ഒടുവിൽ അഞ്ചാമത്തെ തെളിവിലേക്കും നമുക്ക് നോക്കാം ;

5. യേശുവിന്റെ പുനരുത്ഥാനത്തിനുള്ള അഞ്ചാമത്തെ തെളിവ്: അവന്റെ അതുല്യ വ്യക്തിത്വവും അതിശയകരമായ അവകാശവാദങ്ങളും.

യേശു ആരായിരുന്നു, അവൻ എന്താണ് പഠിപ്പിച്ചത്, അവന്റെ വിസ്മയിപ്പിക്കുന്ന അവകാശവാദങ്ങൾ എന്തെല്ലാം ആണ്, അവൻ ചെയ്ത അത്ഭുതങ്ങൾ എന്താണ്, അവൻ നിറവേറ്റിയ പ്രവചനങ്ങൾ ഏതെല്ലാം ആണ് എന്നിവയെക്കുറിച്ചുള്ള സുവിശേഷ വിവരണങ്ങൾ പഠിക്കുക. ഒന്നിലധികം തവണ അവൻ തന്റെ മരണവും പുനരുത്ഥാനവും പ്രവചിച്ചു പഠിപ്പിച്ചിട്ടുണ്ട് (മത്താ. 16:21; ലൂക്കോസ് 9:22; യോഹന്നാൻ 2:19-22; 16:16-20, 28). സംശയിക്കുന്ന തന്റെ ശിക്ഷ്യൻ തോമായുമായുള്ള അദ്ദേഹത്തിന്റെ സംവാദം കാണിക്കുന്നത് തോമായെ  പൂർണ്ണമായും തന്റെ ദൈവത്വത്തിൽ വിശ്വസിക്കുന്ന ഒരു ആത്മീയ പക്വതയിലേക്ക് കൊണ്ടുവരിക എന്ന  ഉദ്ദേശ്യമെന്ന് കർത്താവിനു എന്നുള്ളത് ആണ്. “എന്റെ കർത്താവേ, എന്റെ ദൈവമേ” എന്ന് തോമാ ശ്ലീഹാ ഉറക്കെ വിളിച്ചപ്പോൾ, കാര്യങ്ങൾ അമിതമായി പറഞ്ഞതിന് യേശു അവനെ ശാസിക്കുകയോ തിരുത്തുകയോ ചെയ്തില്ല. പകരം, യേശു തോമായുടെ ശരിയായ ധാരണയെയും വിശ്വാസത്തെയും അഭിനന്ദിച്ചു (യോഹന്നാൻ 20:27-29). യേശു കേവലം ഒരു നല്ല അധ്യാപകനോ, പ്രത്യേകിച്ച് ഭക്തനായ ഒരു യഹൂദ റബ്ബിയൊ മാത്രം ആയിരുന്നു എങ്കിൽ ഒരു അനുയായിയിൽ നിന്ന് അത്തരം ഒരു ആരാധന ഒരിക്കലും സ്വീകരിക്കില്ലായിരുന്നു.

യേശുവിന്റെ വ്യക്തിത്വത്തെക്കുറിച്ചുള്ള സുവിശേഷത്തിലെ എല്ലാ വിവരണങ്ങളും പഠിപ്പിക്കലും  അവൻ ഒരു കാപട്യക്കാരനോ ഭ്രാന്തനായ ഒരു തത്വചിന്തകനോ, മത നവീകരണ വാദിയൊ ആണെന്ന് വേദവിപരീതികളാൽ വാദിക്കപ്പെടുന്നുണ്ട്. എന്നാൽ യേശു ആരാണ് എന്നുള്ളതിന് യുക്തിസഹമായ ഒരേയൊരു  കാര്യം അവൻ താൻ ആരാണെന്നു സ്വയം അവകാശപ്പെട്ടു എന്നതാണ്: താൻ മനുഷ്യശരീരത്തിലുള്ള ദൈവത്തിന്റെ നിത്യ പുത്രൻ, ഇസ്രായേലിന്റെ മിശിഹാ, നമ്മുടെ പാപങ്ങൾക്കായി സ്വയം സമർപ്പിച്ചവൻ,ദൈവം  മരിച്ചവരിൽ നിന്ന് ശാരീരികമായി ഉയിർപ്പിച്ചവൻ എന്നുള്ളതെല്ലാം യേശുവിന്റെ സാക്ഷ്യങ്ങൾ ആണ്. നമ്മളിൽ അവനെ കാണാത്തവർപോലും അവനിൽ വിശ്വസിക്കണമെന്ന് അവൻ ആഗ്രഹിക്കുന്നു (യോഹന്നാൻ 20:29).

"ബ്രിട്ടീഷ്കാരനായ പുതിയ നിയമ പണ്ഡിതനായ ബി. എഫ്. വെസ്റ്റ്‌കോട്ട് പറഞ്ഞു, “എല്ലാ തെളിവുകളും ഒരുമിച്ച് പരിശോധന നടത്തിയാൽ, ചരിത്രപരമായി യേശു ക്രിസ്തുവിന്റെ പുനരുത്ഥാനത്തേക്കാൾ മെച്ചമോ വ്യത്യസ്തമായ പിന്തുണയോ ലഭിച്ച മറ്റൊരു സംഭവം വേറെ ഒന്നുമില്ലായെന്ന് പറയുന്നതിൽ അധികത്വമില്ല."(cited by Josh McDowell, More Than a Carpenter [Living Books], pp. 96-97). യേശുവിന്റെ ഉയിർത്തെഴുന്നേൽപ്പിന്റെ തെളിവുകൾ വളരെ ബോധ്യപ്പെടുത്തുന്നതാണങ്കിൽ, എന്തുകൊണ്ടാണ് കൂടുതൽ ആളുകൾ അത് വിശ്വസിക്കാത്തത്?" എന്ന് നമ്മൾ ചിന്തിച്ചേക്കാം. ഉത്തരം ഇതാണ്: യേശുവിന്റെ പുനരുത്ഥാനത്തിൽ വിശ്വസിക്കാൻ പല ആളുകളും വിസമ്മതിക്കുന്നു, കാരണം അവർക്ക് അഭിമുഖീകരിക്കാൻ ആഗ്രഹിക്കാത്ത വ്യക്തിപരമായ പ്രത്യാഘാതങ്ങളുണ്ട് ആ സത്യത്തിനു. യേശു ഉയിർത്തെഴുന്നേറ്റാൽ, അവൻ എല്ലാവരുടെയും ശരിയായ കർത്താവാണ്, ഞാൻ എന്റെ പാപത്തിൽ നിന്ന് തിരിഞ്ഞ് അവന്റെ കർതൃത്വത്തിൻ കീഴിൽ ജീവിക്കണം. ആളുകൾ അത് ചെയ്യാൻ ആഗ്രഹിക്കാത്തതിനാൽ, തെളിവുകൾ ഉണ്ടായിരുന്നിട്ടും അവർ യേശുവിൽ വിശ്വസിക്കാൻ വിസമ്മതിക്കുന്നു.

ഉപസംഹാരം

ഉത്ഥിതനായ യേശു ക്രിസ്തുവിനെപറ്റിയുള്ള ഈ ലേഖനം അവസാനിപ്പിക്കുമ്പോൾ നാല് പ്രായോഗിക വിശ്വാസ പരിശീലന സംഗതികൾ ഞാൻ എനിക്കും നിങ്ങൾക്കുമായി മുന്നോട്ട് വയ്ക്കുന്നു;

1. ഉയിർത്തെഴുന്നേറ്റ രക്ഷകനിലുള്ള നമ്മുടെ വിശ്വാസം ഉറച്ച ചരിത്രപരമായ തെളിവുകളിൽ അധിഷ്ഠിതമാണ്: അത് വിശ്വസിക്കുകയും പ്രഖ്യാപിക്കുകയും ചെയ്യുക!

ക്രിസ്തുവിലുള്ള വിശ്വാസം ഇരുട്ടിലെ അന്ധമായ കുതിച്ചുചാട്ടമല്ല. ഇത് അപ്പോസ്തോലിക സാക്ഷീകരണം അടിസ്ഥാനമാക്കിയുള്ളതാണ്, അതായത്, വിശ്വസനീയരായ ദൈവപുരുഷന്മാരുടെ ദൃക്‌സാക്ഷി സാക്ഷ്യമാണ്. "യേശു ക്രിസ്തു ഉയിർത്തു ജീവിക്കുന്നു" എന്ന സ്തുതിഗീതത്തിലെ വരി എന്നെ എപ്പോഴും വിഷമിപ്പിച്ചിട്ടുണ്ട്: "അവൻ ജീവിക്കുന്നു എന്ന് എനിക്കെങ്ങനെ അറിയാം എന്ന് എന്നോട് ആരെങ്കിലും ചോദിക്കുന്നുവെങ്കിൽ "അവൻ എന്റെ ഹൃദയത്തിൽ വസിക്കുന്നു” എന്നു സാക്ഷ്യമുള്ള മറുപടി എനിക്കു പറയാൻ സാധിക്കുമോ എന്നു ഓർത്തു ഞാൻ വിഷമിക്കുന്നു. ഈ സാക്ഷ്യം തികച്ചും ആത്മനിഷ്ഠമാണ്. അവൻ ജീവിച്ചിരിക്കുന്നുവെന്ന് എനിക്കറിയാനുള്ള കാരണം, അവൻ തന്റെ പുനരുത്ഥാനം പ്രവചിക്കുകയും, അവൻ ഉയിർത്തെഴുന്നേറ്റതിനുശേഷം അപ്പോസ്തലന്മാരും മറ്റു പലരും അവനെ കാണുകയും ചെയ്തു എന്നത് എഴുതപ്പെട്ടിരിക്കുന്നത് ഞാൻ വിശ്വസിക്കുന്നു എന്നതിനാലാണ്.

വിൽബർ സ്മിത്ത് പറയുന്നു, "നമ്മുടെ കർത്താവ്, അവൻ യറുശലേമിലേക്ക് പോയതിനുശേഷം, അവൻ മരണശിക്ഷ അനുഭവിക്കുമെന്നും എന്നാൽ മൂന്നാം ദിവസം അവൻ ഖബറിൽ നിന്ന് ഉയിർത്തെഴുന്നേൽക്കുമെന്നും വളരെ കൃത്യമായും വിശദമായും കൂടെക്കൂടെ പറഞ്ഞിരുന്നത്പോലെ തന്നെ പ്രവചനം സംഭവിച്ചു. അതുകൊണ്ടു തന്നെ നമ്മുടെ കർത്താവ് പറഞ്ഞ മറ്റെല്ലാം സത്യമായിരിക്കുമെന്ന് എനിക്ക് എപ്പോഴും തോന്നിയിട്ടുണ്ട്." (Therefore Stand [Baker], p. 419, cited by McDowell, Evidence, p. 187).

നമ്മൾ യേശുവിനെക്കുറിച്ച് സംസാരിക്കുമ്പോൾ, എല്ലാവരും അവനിൽ വിശ്വസിക്കേണ്ടതുണ്ടെന്ന് ഊന്നിപ്പറയുക, കാരണം അവൻ യഥാർത്ഥത്തിൽ ഉയിർത്തെഴുന്നേറ്റു, ജീവിച്ചിരിക്കുന്നവരെയും മരിച്ചവരെയും വിധിക്കാൻ അവൻ വീണ്ടും വരുന്നു.

2. ഉയിർത്തെഴുന്നേറ്റ രക്ഷകനിലുള്ള നമ്മുടെ വിശ്വാസത്തിൽ പശ്ചാത്താപവും അവന്റെ കർതൃത്വത്തോടുള്ള കീഴടങ്ങലും ഉൾപ്പെട്ടിരിക്കണം.

യേശു മരിച്ചവരിൽ നിന്ന് ഉയിർത്തെഴുന്നേറ്റുവെന്ന് ഭൂതങ്ങൾ വിശ്വസിക്കുന്നു, എന്നാൽ അത്തരം വിശ്വാസം അവർക്ക് ഒരു ഗുണവും ചെയ്യുന്നില്ല. ഉയിർത്തെഴുന്നേറ്റ രക്ഷകനിലുള്ള വിശ്വാസം സംരക്ഷിക്കുക എന്നതിനർത്ഥം പാപത്തിൽ നിന്ന് അനുതപിക്കുകയും ജീവിതത്തിന്റെ എല്ലാ മേഖലകളെയും അവന്റെ ശരിയായ കർതൃത്വത്തിന്റെ കീഴിൽ കൊണ്ടുവരികയുമാണ് (പ്രവൃത്തികൾ 17:30-31).

3. നമ്മുടെ വിശ്വാസം ദുർബലവും നമ്മുടെ ഗ്രാഹ്യം ആഴം കുറഞ്ഞതുമായിരിക്കുമ്പോൾ കർത്താവ് നമ്മെ തള്ളിക്കളയുന്നില്ല, എന്നാൽ നാം അവനെ അന്വേഷിക്കുമ്പോൾ ആഴമായ വിശ്വാസത്തിലേക്കും ഗ്രാഹ്യത്തിലേക്കും അവൻ കൃപയോടെ നമ്മെ നയിക്കുന്നു.

മറിയം ഇതുവരെ പുനരുത്ഥാനം പ്രതീക്ഷിച്ചിരുന്നില്ല, എന്നാൽ അവൾ കർത്താവിനെ സ്നേഹിക്കുകയും അവനു ശരിയായ ശവസംസ്കാരം നൽകുകയും ചെയ്തു. പത്രോസിന്റെയും യോഹന്നാന്റെയും വിശ്വാസവും ഗ്രാഹ്യവും ഈ ഘട്ടത്തിൽ വളരെ ദുർബലമായിരുന്നു, എന്നാൽ കർത്താവ് അവരെ കൃപയോടെ പരിപോഷിപ്പിക്കുകയും പിന്നീട് അവരെ ശക്തമായി ഉപയോഗിക്കുകയും ചെയ്തു. നമ്മുടെ ബലഹീനതകളിൽ സഹതപിക്കാൻ കഴിയുന്ന കൃപയും സ്നേഹവും ഉള്ള ഒരു രക്ഷകനെയാണ് നമ്മൾ സേവിക്കുന്നത്. അവനോട് അടുക്കുക, പ്രത്യേകിച്ച് നമ്മൾ ആശയക്കുഴപ്പത്തിലോ സംശയത്തിലോ ആയിരിക്കുമ്പോൾ (എബ്രാ. 4:15-16).

4. യേശുവിന്റെ ശാരീരിക പുനരുത്ഥാനം നമ്മുടെ ഭാവി ശാരീരിക പുനരുത്ഥാനത്തിന്റെ ഉറപ്പാണ്; അതിനാൽ നിങ്ങളുടെ ശാരീരിക ബലഹീനതയിൽ അവനിൽ പ്രത്യാശവെക്കുക.

 നമ്മുടെ ശരീരം വാർദ്ധക്യത്തിനും രോഗത്തിനും മരണത്തിനും വിധേയമാകുന്നു എന്നത് വാർത്തയല്ല. എന്നാൽ യേശു ഉയിർത്തെഴുന്നേറ്റതിനാൽ അവനിൽ വിശ്വസിക്കുന്ന ഏവർക്കും ഉയിർത്തെഴുന്നേൽപ്പുണ്ട് എന്നത് രോഗത്തിനും മരണത്തിനും വിധേയമല്ലാത്ത പുതിയ പുനരുത്ഥാന ശരീരങ്ങൾ നമുക്കും നൽകപ്പെടുമെന്നുള്ള തിരുവെഴുത്തുകളുടെ വാഗ്ദാനമാണ് (1 കോറി. 15:12-58; 1 തെസ്സ. 4:13- 18; വെളി. 21:3-4).

"15 വയസ്സുള്ള ഒരു പെൺകുട്ടിയെ പെട്ടെന്ന് ഒരു അസുഖം ബാധിക്കുകയും അത് അവളുടെ ഒരു വശം തളർത്തുകയും ഏതാണ്ട് അന്ധയാക്കുകയും ചെയ്തു. ഒരു ദിവസം അവൾ കട്ടിലിൽ കിടക്കുമ്പോൾ, കുടുംബ ഡോക്ടർ മാതാപിതാക്കളോട് പറയുന്നത് അവൾ കേട്ടു, "അവൾ അവളുടെ ഏറ്റവും നല്ല ദിവസങ്ങൾ കണ്ടു, പാവം കുട്ടി." എന്നാൽ അവൾ ഒരു വിശ്വാസിയായിരുന്നു, അവൾ പെട്ടെന്ന് പ്രതികരിച്ചു, "ഇല്ല, ഡോക്ടർ, എന്റെ ഏറ്റവും നല്ല ദിവസങ്ങൾ വരാനിരിക്കുന്നതേയുള്ളൂ, ഞാൻ രാജാവിനെ അവന്റെ സൗന്ദര്യത്തിൽ കാണും."" (James Boice, The Gospel of John [Zondervan], p. 1,400.) 

നമ്മുടെ ആശ്രയം ഉയിർത്തെഴുന്നേറ്റ രക്ഷകനിൽ ആണെങ്കിൽ അവളുടെ ആ പ്രത്യാശ തന്നെ ആയിരിക്കും നമ്മുടെ പ്രത്യാശയും.

കടപ്പാട് : സുവിശേഷകനായ സ്റ്റീവൻ ജെ. കോൽ 1999 ൽ പ്രസിദ്ധീകരിച്ച യോഹന്നാന്റെ സുവിശേഷത്തിന്റെ ഹൊമിലികളിൽ നിന്നുള്ള പ്രചോദനം. 

അഭിപ്രായങ്ങള്‍