(ബാർ യുഹാനോൻ റമ്പാൻ,
ഗത്സീമോൻ ദയറോ, പിറമാടം )
-----------------------------------------------
എന്റെ പിതാവിന്റെ ജേഷ്ഠൻ ജോയിച്ചായൻ ഇന്നലെ വൈകുന്നേരം (13/12/2023) നിര്യാതനായി. എന്റെ അപ്പനും ജോയിച്ചായനും അവരുടെ പെങ്ങളും മൂന്ന് സഹോദരങ്ങൾ ആണ് ഉണ്ടായിരുന്നത്. ഇവർ ഒരിക്കലും വഴക്കടിച്ച് കണ്ടിട്ടില്ല. ഇളയവർ മൂത്തവരെ ബഹുമാനിച്ചിരുന്നു. ഇവരുടെ അപ്പന്റെ സഹോദരപുത്രൻ മുൻപേ മരിച്ചു. അവരെല്ലാം cousin എന്നുള്ള പദം അറിഞ്ഞിരുന്നില്ല മറിച്ച് എന്നും 'സഹോദരങ്ങൾ' മാത്രം ആയിരുന്നു. ഞങ്ങളുടെ തലമുറയിൽ ഇവരുടെ എല്ലാം മക്കൾക്കും cousin എന്ന പദം അന്യമാണ് ഞങ്ങൾ സഹോദരങ്ങൾ മാത്രം ആണ്. ചേട്ടൻ, ചേച്ചി, അനിയൻ, ചാച്ച ഇങ്ങനെ മാത്രം പരസ്പരം വിളിക്കുള്ളു. ഞാൻ റമ്പാൻ ആയിട്ടും ഒരു വയസ്സ് മൂത്ത സഹോദരിയെ പോലും ചേച്ചി എന്ന് മാത്രം ഇപ്പോഴും വിളിക്കാറുള്ളു. ഞങ്ങളുടെ അപ്പന്മാരെ കണ്ടാണ് ഞങ്ങൾ പഠിച്ചത്, ഞങ്ങളുടെ അടുത്ത തലമുറ ഞങ്ങളെ കണ്ടു പഠിക്കുന്നു. മാതാപിതാക്കൾ മരിച്ചാലും അവരുടെ മൂല്യങ്ങൾ കുടുംബം എന്ന മഹത്തായ സംവിധാനത്തിലൂടെ നില നിൽക്കുന്നു. അവർ ഞങ്ങൾക്ക് തന്ന മൂല്യം 'യേശു' ആണ്. യേശു കർത്താവിനെയും അവനിലൂടെ അവന്റെ പിതാവിനെയും ജീവനുള്ള പരിശുദ്ധ റൂഹായെയും ഞങ്ങൾക്കു പഠിപ്പിച്ചു തന്നത് ആദ്യമായി ഞങ്ങളുടെ മാതാപിതാക്കൾ ആണ്. ആ അറിവ് ഉറപ്പിക്കുവാനും അത് നിലനിർത്തി മുന്നോട്ട് പോകുവാനും ഞങ്ങളെ ബൈബിൾ പഠിപ്പിച്ചു തന്നതും ഞങ്ങളുടെ മാതാപിതാക്കൾ ആണ്. ഞങ്ങളുടെ തലമുറയ്ക്കു ഞങ്ങളുടെ പൂർവികർ ഭരമമേൽപ്പിച്ച ഏറ്റവും വലിയ സ്വത്ത് വിശുദ്ധ ബൈബിൾ ആണ്. ഞങ്ങളുടെ ഐക്യം ഞങ്ങളിൽ നിലനിൽക്കുന്നത് ഈ തിരുവെഴുത്ത്കളോടുള്ള പ്രണയത്തിലൂടെ ആണ്. ഞങ്ങളുടെ പൂർവികരുടെ ശബ്ദം ഞങ്ങൾ ഇന്നും കേൾക്കുന്നത് ഈ വിശുദ്ധ ഗ്രന്ഥത്തിലൂടെ തന്നെ ആണ്. അവർ ഞങ്ങളോട് സംസാരിച്ചു കൊണ്ടേ ഇരിക്കുന്നു.
മനുഷ്യചരിത്രത്തിലെ ആദ്യ ദമ്പതികൾ പാപത്തിൽ അകപ്പെട്ടതിനാൽ, ഓരോ വ്യക്തിയും ഉത്തരം നൽകേണ്ട ഏറ്റവും പ്രധാനപ്പെട്ട ചോദ്യം, "ഒരു പാപിയെന്ന നിലയിൽ, പരിശുദ്ധനായ ദൈവത്തിന്റെ മുമ്പാകെ എങ്ങനെ നിൽക്കും?" നമ്മുടെ പാപത്തിനുള്ള ശിക്ഷയായി ദൈവം ശാരീരികവും ആത്മീയവുമായ മരണത്തെ നിയമിച്ചു. എബ്രായർ 9:27 വ്യക്തമായി പ്രസ്‌താവിക്കുന്നു, “മനുഷ്യർ ഒരു പ്രാവശ്യം മരിക്കേണ്ടതിന് നിയമിക്കപ്പെട്ടിരിക്കുന്നു, അതിനുശേഷം ന്യായവിധി വരുന്നു.” ആ നിയമനം ആരും നഷ്‌ടപ്പെടുത്താത്തതിനാൽ, “തികച്ചും പരിശുദ്ധനായ ദൈവത്തിന്റെ മുമ്പാകെ എനിക്ക് എങ്ങനെ നീതിമാൻ ആകാൻ കഴിയും?” എന്ന ചോദ്യത്തിന് ഉത്തരം നൽകേണ്ടത് വളരെ പ്രധാനമാണ്.
സദൃശവാക്യങ്ങൾ 14:12 പ്രസ്‌താവിക്കുന്നു, "ശരിയെന്നു തോന്നുന്ന വഴി ചിലപ്പോള്മരണത്തിലേക്കു നയിക്കുന്നതാവാം."
ഈ വചനങ്ങൾ ആത്മീയ ജീവിതത്തെയും മരണത്തെയും സംബന്ധിച്ച ഒരു വിഷയമാണ്. പുരാതന കാലം മുതൽ മിക്കവാറും പേർക്ക് ആത്മീയമായി ശരിയെന്നു തോന്നുന്ന ഒരു വഴിയുണ്ട്. വിവിധ രൂപങ്ങളിൽ, ലോകത്തിലെ എല്ലാ പ്രധാന മതങ്ങളുടെയും വഴിയാണിത്. അത് സ്വയം നീതിയിൽ ശ്രദ്ധിക്കുന്നതും പ്രവൃത്തികളിൽ കേന്ദ്രീകരിച്ചും ഉള്ള വഴിയാണ്. ഒരു വ്യക്തി ആത്മാർത്ഥതയുള്ളവനും തന്റെ കഴിവിന്റെ പരമാവധി ചെയ്യുന്നവനുമാണെങ്കിൽ, ദൈവം അവന്റെ തെറ്റുകൾ അവഗണിക്കുകയും അവന്റെ സൽപ്രവൃത്തികൾ സ്വീകരിക്കുകയും അവനെ സ്വർഗത്തിൽ പ്രവേശിപ്പിക്കുകയും ചെയ്യുമെന്ന് ഒരു തരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ അങ്ങനെയുള്ളവർ വിശ്വസിക്കുന്നു. ബൈബിൾ ഇതിനെ "കായീന്റെ വഴി" എന്ന് വിളിക്കുന്നു (യൂദാ 11). ബൈബിൾ വ്യക്തമാണ്: "നിയമത്തിന്റെ പ്രവൃത്തികളാൽ ഒരു ജഡവും നീതീകരിക്കപ്പെടുകയില്ല" (ഗലാ. 2:16). മനുഷ്യനന്മയോ പ്രവൃത്തിയോ മുഖേനയുള്ള രക്ഷ അസാധ്യമാണ് (എഫേ. 2:8, 9).
കയീന്റെ വഴിയിൽ നിന്ന് വ്യത്യസ്തമായി അവന്റെ സഹോദരൻ ഹാബെൽ ദൈവത്തെ സമീപിച്ച രീതിയാണ് ബൈബിൾ പഠിപ്പിക്കുന്ന ശരിയായ വഴി. എബ്രായർ 11:4 വിശദീകരിക്കുന്നു, "വിശ്വാസം മൂലം ആബേല് കായേന്റേതിനെക്കാള് ശ്രേഷ്‌ഠമായ ബലി ദൈവത്തിനു സമര്പ്പിച്ചു. അതിനാല്, അവന് നീതിമാനായി അംഗീകരിക്കപ്പെട്ടു. അവന് സമര്പ്പിച്ച കാഴ്‌ചകളെക്കുറിച്ചു ദൈവം തന്നെ സാക്‌ഷ്യം നല്കി." മനുഷ്യചരിത്രത്തിൽ മരിച്ച ആദ്യത്തെ മനുഷ്യൻ ഹാബേലാണെങ്കിലും, *“അവൻ മരിച്ചെങ്കിലും അവൻ ഇന്നും നമ്മോട് സംസാരിക്കുന്നു”.* അവന്റെ റെക്കോർഡ് ചെയ്ത വാക്കുകളൊന്നും നമ്മുടെ പക്കലില്ല, പക്ഷേ അവന്റെ കഥ നമ്മോട് വ്യക്തമായി പറയുന്നത് ഇപ്രകാരം ആണ്... *ദൈവത്തിന്റെ തിരുവചനത്തിലുള്ള വിശ്വാസത്താൽ, നാം നീതിയുള്ളവരാണെന്നതിന് യേശുവിന്റെ സാക്ഷ്യം നമുക്ക് ലഭിക്കുന്നു, അങ്ങനെ നമ്മുടെ ജീവിതം നിത്യതയിലേക്ക് കണക്കാക്കുന്നു.*
എന്തുകൊണ്ടാണ് പൗലോസ് ശ്ലീഹാ വിശ്വാസ വീരന്മാരുടെ പട്ടിക ഹാബേലിൽ ആരംഭിച്ചത്? തന്റെ വായനക്കാരിൽ ചിലർക്ക് ആസന്നമായ പീഡനം സഹിക്കാവുന്ന ഒരു വിശ്വാസം ഇല്ലായിരിക്കാം എന്നതായിരുന്നിരിക്കാം അദ്ദേഹത്തിന്റെ ആശങ്ക. പൗലോസ് സഭയിൽ വിശ്വാസികളിൽ നിന്നും ഏറ്റവും നല്ലത് പ്രതീക്ഷിച്ചു, "പിന്മാറി നശിപ്പിക്കപ്പെടുന്നവരുടെ കൂട്ടത്തിലല്ല, വിശ്വസിച്ച് ആത്‌മ രക്‌ഷപ്രാപിക്കുന്നവരുടെ കൂട്ടത്തിലാണ് നാം" (ഹെബ്രായര് 10 : 39) എന്നുള്ള കാഴ്ചപ്പാടിൽ ആയിരുന്നു അത്. എന്നാൽ യേശുക്രിസ്തുവിലുള്ള വിശ്വാസത്തിൽ നിന്ന് പിന്തിരിഞ്ഞ് യഹൂദ വിശ്വാസത്തിലേക്ക് മടങ്ങുന്ന ചിലർ ഹീബ്രു സഭയിലുണ്ടാകുമെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു.
ആദ്യത്തെ പത്ത് അധ്യായങ്ങളിൽ പൗലോസ് വാദിക്കുന്നതുപോലെ, യഹൂദ പ്രമാണം ക്രിസ്തുവിനെ ചൂണ്ടിക്കാണിക്കുകയും അത് അവനിൽ പൂർണമായി നിറവേറ്റപ്പെടുകയും ചെയ്തുവെന്ന് ശരിയായി നമുക്ക് മനസ്സിലാക്കി തരുന്നു. എന്നാൽ ഇപ്പോൾ ക്രിസ്തു വന്നിരിക്കുന്നതിനാൽ അവനെ ഉപേക്ഷിച്ച് അവനെ ചൂണ്ടിക്കാണിച്ച യഹൂദമതത്തിലേക്ക് മടങ്ങുന്നത് ദൈവത്തിന്റെ ഏക രക്ഷാമാർഗ്ഗം ഉപേക്ഷിക്കുന്നതിന് തുല്യമായിരിക്കും. കയീനിന്റെയും ആബേലിന്റെയും കഥ മനുഷ്യന്റെ രക്ഷാമാർഗത്തെ ദൈവത്തിന്റെ വഴിയുമായി വ്യക്തമായി താരതമ്യം ചെയ്യുന്നു. ദൈവത്തിന്റെ വഴി യേശു ക്രിസ്തുവിലും അവൻ മുഖാന്തിരം അവന്റെ പിതാവിലും പരിശുദ്ധ റൂഹായിലും ഉള്ള ജീവിക്കുന്ന വിശ്വാസത്താൽ മാത്രം ആകുന്നു. അത് അന്ധവിശ്വാസം മൂലമോ, നിർജ്ജീവ വിശ്വാസം മൂലമോ സാധിക്കില്ല. പരിശുദ്ധ ദൈവവുമായി നമുക്ക് എങ്ങനെ നീതിയായിരിക്കാം എന്ന ചോദ്യവുമായി ബന്ധപ്പെട്ട മൂന്നു സുപ്രധാന പാഠങ്ങൾ ഹാബേലിന്റെ വിശ്വാസം അതായത് വിശ്വാസത്തിൽ ജീവിച്ച് മരിച്ച നമ്മുടെ പൂർവ്വികർ നമ്മോട് സംസാരിക്കുന്ന ശബ്ദം നമ്മെ പഠിപ്പിക്കുന്നു.
*1. വിശ്വാസം എപ്പോഴും ദൈവത്തിന്റെ വചനത്തോടുള്ള അനുസരണയുള്ള പ്രതികരണമാണ്.*
"വിശ്വാസത്താൽ ഹാബെൽ ദൈവത്തിന് കായീനേക്കാൾ നല്ല യാഗം അർപ്പിച്ചു..." ഹാബെലിന്റെ യാഗം കയീനേക്കാൾ മികച്ചതായിരുന്നതിന് പണ്ഡിതന്മാർ നിരവധി കാരണങ്ങൾ നിർദ്ദേശിച്ചിട്ടുണ്ട്, അത് ജീവനുള്ളതായിരുന്നു, അതേസമയം കയീനുടേത് നിർജീവമായിരുന്നു; ഹാബലിന്റെ വിശ്വാസം കൂടുതൽ ശക്തമായിരുന്നു, കയീന്റെ ദുർബലമായിരുന്നു. കാരണം ഹബേൽ തന്റെ പിതാവ് പറഞ്ഞു തന്ന ദൈവവചനം വിശ്വസിച്ചു കയെൻ സ്വന്തം തത്വചിന്തയിൽ ആശ്രയിച്ചു. ഉല്പത്തി വിവരണം ലളിതമായി പറയുന്നു: “കർത്താവ് ഹാബെലിനെയും അവന്റെ വഴിപാടിനെയും ആദരിച്ചു; എന്നാൽ കയീനെയും അവന്റെ വഴിപാടിനെയും അവൻ പരിഗണിച്ചില്ല” (ഉൽപ. 4:4-5). "ഉചിതമായി പ്രവര്ത്തിച്ചാല് നീയും സ്വീകാര്യനാവുകയില്ലേ? നല്ലതുചെയ്യുന്നില്ലെങ്കില് പാപം വാതില്ക്കല്ത്തന്നെ പതിയിരിപ്പുണ്ടെന്ന് ഓര്ക്കണം. അതു നിന്നില് താത്‌പര്യം വച്ചിരിക്കുന്നു; നീ അതിനെ കീഴടക്കണം"
(ഉല്പത്തി 4 : 7) എന്ന് കർത്താവ് കയീനോട് പറയുമ്പോൾ മാത്രമാണ് ഒരു കാരണത്തിന്റെ സൂചന നമുക്ക് ലഭിക്കുന്നത്.
തന്നെ പ്രസാദിപ്പിക്കുന്ന തരത്തിലുള്ള യാഗം ദൈവം ഈ സഹോദരങ്ങൾക്ക് മുമ്പ് വ്യക്തമാക്കി കൊടുത്തിരുന്നുവെന്ന് ആ ചോദ്യം സൂചിപ്പിക്കുന്നു. വിശ്വാസം എപ്പോഴും ദൈവത്തിന്റെ വചനത്തോടുള്ള അനുസരണയുള്ള പ്രതികരണമാണ്. "വിശ്വാസം കേൾവിയിൽനിന്നും കേൾവി ക്രിസ്തുവിന്റെ വചനത്തിൽനിന്നും വരുന്നു" (റോമ. 10:17). ബൈബിളിലെ വിശ്വാസം ഒരിക്കലും മനുഷ്യനിർമിത ആശയങ്ങളിലോ അവ്യക്തമായ ഊഹാപോഹങ്ങളിലോ നിലകൊള്ളുന്നില്ല. വെളിപ്പെട്ട ദൈവവചനത്തിൽ അത് നിലകൊള്ളുന്നു. വിശ്വാസത്താൽ ഹാബെൽ ദൈവത്തിന്റെ കൽപ്പന അനുസരിച്ചു. കയീൻ അതിന് കീഴടങ്ങാൻ വിസമ്മതിച്ചു. ഹാബെലിന്റെ വിശ്വാസം ദൈവത്തെ പ്രസാദിപ്പിച്ചു; കയീന്റെ അനുസരണക്കേട് ദൈവത്തെ അപ്രീതിപ്പെടുത്തി. "നന്നായി ചെയ്യുക" എന്ന് കർത്താവ് കയീനോട് പറഞ്ഞപ്പോൾ അവൻ അർത്ഥമാക്കുന്നത്, "ഞാൻ കൽപ്പിച്ച പ്രകാരം നിവർത്തിക്കൂ" എന്നാണ്.
ആദാമും ഹവ്വായും പാപം ചെയ്‌തതിന് ശേഷം ദൈവം അവരോട് ഇത് വിശദീകരിച്ചുവെന്ന് അനുമാനിക്കാൻ അല്ലാതെ തക്ക വിശദീകരണത്തിലേക്ക്പോകുവാൻ ബൈബിളിൽ ഒന്നും രേഖപ്പെടുത്തിയിട്ടില്ല. അവരുടെ പാപം അവരുടെ നഗ്നതയിൽ അവരെ ലജ്ജിപ്പിക്കാൻ കാരണമായി, അതിനാൽ അവർ ആ നാണക്കേട് മറയ്ക്കാൻ അത്തിയിലകൾ തുന്നിച്ചേർത്തു. എന്നാൽ ദൈവം അവരുടെ അത്തിയില സ്വീകരിച്ചില്ല. പകരം, മൃഗത്തോൽ കൊണ്ട് നിർമ്മിച്ച വസ്ത്രങ്ങൾ അവൻ അവരെ ധരിപ്പിച്ചു (ഉൽപ. 3:7, 21). നിസ്സംശയം, ആ സമയത്ത് അവൻ അവർക്ക് നാല് കാര്യങ്ങൾ പഠിപ്പിച്ചു ;ഒന്നാമതായി, പരിശുദ്ധനായ ദൈവത്തിന്റെ മുമ്പാകെ നിൽക്കാൻ, പാപം മൂലം അവർക്ക് ശരിയായ ഒരു മൂടുപടം ആവശ്യമായിരുന്നു. രണ്ടാമതായി, മനുഷ്യനിർമ്മിത മൂടുപടം മതിയായിരുന്നില്ല. മൂന്നാമതായി, അവരുടെ പ്രയത്‌നങ്ങൾ കൂടാതെ ആവശ്യമായ മൂടൽവസ്ത്രം ദൈവം നൽകും നാലാമതായി, അവരുടെ പാപത്തിന് മറവ് ലഭിക്കാൻ സ്വീകാര്യമായ മൂട്പടം ഒരു യാഗത്തിന്റെ മരണം അല്ലെങ്കിൽ ഒരു നിഷ്കളങ്ക രക്തം ചൊരിയൽ മൂലം സാധ്യമാവുകയുള്ളായിരു ന്നു.
തീർച്ചയായും, ആദം തന്റെ മക്കളോട് ഈ വസ്‌തുതകൾ അറിയിച്ചിരുന്നു. ദൈവത്തിന് ബലിയർപ്പിക്കുക എന്ന ആശയം അവർ സ്വന്തമായി ചിന്തിച്ചില്ല. ഒരു രക്തബലിയിലൂടെ തന്നെ സമീപിക്കാൻ ആവശ്യമായതും ശരിയായതുമായ മാർഗം ദൈവം ആദാമിനും ഹവ്വായ്ക്കും വ്യക്തമായി വെളിപ്പെടുത്തിയിരുന്നു. അവർ തങ്ങളുടെ മക്കൾക്ക് ഈ വഴി വ്യക്തമാക്കിയിരുന്നു. എന്നാൽ കയീൻ അനുസരണക്കേടു കാണിച്ചു, വിശ്വാസത്താൽ ഹാബെൽ അനുസരിച്ചു.
ഹാബെലിന്റെ യാഗത്തിൽ, കുരിശിന്റെ വഴി ആദ്യം രൂപകല്പന ചെയ്യപ്പെട്ടു. ആദ്യത്തെ യാഗം ഹാബേലിന്റെ ആട്ടിൻകുട്ടിയായിരുന്നു ഒരാൾക്ക് ഒരു കുഞ്ഞാട്. പിന്നീട് പെസഹാ വന്നു ഒരു കുടുംബത്തിന് ഒരു ആട്ടിൻകുട്ടി. പിന്നീട് പാപപരിഹാര ദിനം വന്നു-ഒരു വർഗ്ഗത്തിൽ പെട്ട ജനതയ്ക്കു ഒരു ആട്ടിൻകുട്ടി. ഒടുവിൽ ദുഃഖവെള്ളി വന്നു ലോകത്തിനാകെ ഒരു കുഞ്ഞാട്.
അതുകൊണ്ട് ഹാബെലിന്റെ യാഗം കയീന്റേതിനേക്കാൾ മികച്ചതായിരുന്നു, കാരണം ദൈവം വ്യക്തമായി വെളിപ്പെടുത്തിയ കാര്യങ്ങൾക്ക് അനുസരണയുള്ള വിശ്വാസത്തിൽ അവൻ അത് അർപ്പിച്ചു. ദൈവം കയീന്റെ യാഗം നിരസിച്ചു, കാരണം അവൻ അത് വിശ്വാസത്താൽ അർപ്പിച്ചില്ല, കൂടാതെ "വിശ്വാസം കൂടാതെ ദൈവത്തെ പ്രസാദിപ്പിക്കുക അസാധ്യമാണ്" (എബ്രാ. 11:6).
നമ്മുടെ മരണമടഞ്ഞ സത്യവിശ്വാസികളായ മാതാപിതാക്കൾ ദൈവത്തെ പ്രസാദിപ്പിച്ചവർ ആണ്, അത് അവരുടെ സ്വന്തം ആശയങ്ങൾ വഴി അല്ല മറിച്ചു ദൈവവചനം വായിച്ചും ധ്യാനിച്ചും പഠിച്ചും പ്രാർത്ഥിച്ചും കിട്ടിയ ആത്മീയതയിൽ നിന്നാണ്. ആ ആത്മീയത നിലനിൽക്കുന്നത് ആണ് അതുകൊണ്ട് അവർ നമ്മോട് സംസാരിക്കുന്നത് ദൈവവചനത്തിൽ അധിഷ്ഠിതമായ ആത്മീയജീവിതത്തിൽ ചിരിക്കുമ്പോൾ നമുക്ക് കേൾക്കാൻ സാധിക്കും.
*2. ദൈവവചന പ്രകാരമുള്ള വിശ്വാസമാണ് പാപികൾക്ക് അവനെ സമീപിക്കാനുള്ള ഏക മാർഗം.*
തന്റെ സഹോദരനെക്കാൾ മികച്ച ഒരു മനുഷ്യനായിരുന്നു ഹബേൽ അതുകൊണ്ട് ആണ് ഹാബെലിന്റെ യാഗം ദൈവം സ്വീകരിച്ചുവെന്ന് നാം വിചാരിച്ചാൽ അത് വളരെ തെറ്റാണ്. ഹാബെൽ തന്റെ ആട്ടിൻകൂട്ടത്തിലെ കടിഞ്ഞൂലുകളിൽ നിന്ന് ഒരു മൃഗത്തെ കൊണ്ടുവന്നു, കാരണം അവൻ ദൈവത്തിന്റെ ന്യായവിധിക്ക് അർഹനായ ഒരു പാപിയാണെന്ന് അവനറിയാമായിരുന്നു, എന്നാൽ ഒരു പകരക്കാരൻ കുഞ്ഞടിന്റെ മരണത്തെ ദയയോടെ സ്വീകരിക്കുമെന്ന് ദൈവം വെളിപ്പെടുത്തിയിട്ടുണ്ടെന്നും അവനറിയാമായിരുന്നു. ഈ അറിവ് അവനു ലഭിച്ചത് അവന്റെ മാതാപിതാക്കൾ അവനു പകർന്നു കൊടുത്ത ദൈവവചനത്തിൽ നിന്നും ആണ്. കയീൻ ദൈവത്തിന്റെ വെളിപ്പെടുത്തപ്പെട്ട ഈ വചനത്തെ അവഗണിക്കുകയും സ്വന്തം ആലോചനയുടെ വഴിപാട് കൊണ്ടുവരികയും ചെയ്തു. ഹാബെലിന്റെ യാഗത്തിന്റെ കാതൽ തന്റെ പാപം മൂലം താൻ മരിക്കാൻ അർഹനാണെന്നും രക്തം ചൊരിയാനുള്ള ദൈവത്തിന്റെ ആവശ്യം ന്യായമാണെന്നും ഉള്ള സത്യത്തിന്റെ അംഗീകരണമായിരുന്നു. “ദൈവത്തെ സമീപിക്കാൻ എനിക്ക് രക്തം ചൊരിയേണ്ട ആവശ്യമില്ല” എന്ന അഹങ്കാരമായിരുന്നു കയീന്റെ ത്യാഗത്തിന്റെ കാതൽ. എന്റെ വഴി നല്ലത് തന്നെ. സത്യത്തിൽ, എന്റെ വഴിയാണ് നല്ലത് എന്നുള്ള കയീനിന്റെ രീതിപ്രകാരം , "അവൻ അത് അവന്റെ ആശയപ്രകാരം ചെയ്തു." മാതാപിതാക്കൾ പഠിപ്പിച്ച ദൈവവചനത്തെ നിരസിച്ചത് ആണ് കായീന് വീഴ്ച ഭവിക്കാൻ കാരണം.
"കുരിശിന്റെ വചനം നശിച്ചുപോകുന്നവർക്ക് ഭോഷത്വമാണ്, രക്ഷിക്കപ്പെടുന്ന നമുക്കോ അത് ദൈവത്തിന്റെ ശക്തിയാണ്" എന്ന് പൗലോസ് പറഞ്ഞു. ഏതാനും വാക്യങ്ങൾക്കുശേഷം അദ്ദേഹം പറഞ്ഞു, യഹൂദര് അടയാളങ്ങള് ആവശ്യപ്പെടുന്നു; ഗ്രീക്കുകാര് വിജ്‌ഞാനം അന്വേഷിക്കുന്നു. ഞങ്ങളാകട്ടെ, യഹൂദര്ക്ക് ഇടര്ച്ചയും വിജാതീയര്ക്കു ഭോഷത്തവുമായ ക്രൂശിക്കപ്പെട്ട ക്രിസ്‌തുവിനെ പ്രസംഗിക്കുന്നു. വിളിക്കപ്പെട്ടവര്ക്ക് - യഹൂദരോ ഗ്രീക്കുകാരോ ആകട്ടെ-ക്രിസ്‌തു ദൈവത്തിന്റെ ശക്‌തിയും ദൈവത്തിന്റെ ജ്‌ഞാനവുമാണ്.
(1 കോറിന്തോസ് 1 : 18, 22-24)
തങ്ങൾ അടിസ്ഥാനപരമായി നല്ലവരാണെന്ന് കരുതുന്ന ക്രൈസ്തവരായ ചില ആളുകൾക്ക് അവർക്ക് വേണ്ടി അവരുടെ സ്ഥാനത്ത് തന്റെ രക്തം പാനീയമാക്കി തരുന്ന ഒരു രക്ഷകന്റെ ആവശ്യമില്ല. യേശുവിനെ പിന്തുടരാനുള്ള ഒരു നല്ല മാതൃക അവർ കാണിച്ചേക്കാം, എന്നാൽ അവരുടെ പാപത്തിനായി യേശു തന്റെ ശരീരം മുറിക്കുന്നു രക്തം ചൊരിയുന്നു അത് അവർ യഥാർത്ഥമായും ഭക്ഷണവും പാനീയവുമാക്കി അനുഭവിക്കണം എന്ന ആശയം അവരെ വ്രണപ്പെടുത്തുന്നു. എന്നാൽ ദൈവം തങ്ങളുടെ പാപത്തെക്കുറിച്ച് ബോധ്യപ്പെടുത്തുകയും അവന്റെ സമ്പൂർണ്ണ വിശുദ്ധിയും നീതിയും കാണാൻ അവനാൽ കണ്ണുതുറക്കുകയും ചെയ്തവർ, തങ്ങളുടെ പാപങ്ങൾക്കായി ഒരു യാഗത്തിന്റെ വിശുദ്ധ കുർബാനയുടെ ആവശ്യം തിരിച്ചറിയുന്നു. യേശുവിനെ തങ്ങളുടെ പാപങ്ങൾ ചുമക്കുന്ന ദൈവത്തിന്റെ കുഞ്ഞാടാണെന്ന് അംഗീകരിച്ചുകൊണ്ട് അവർ സന്തോഷത്തോടെ കുരിശിന്റെ ചുവട്ടിൽ വണങ്ങുകയും അപ്പവീഞ്ഞ്കളിൽ കൂടി തിരുശരീരരക്തങ്ങളുടെ ബലിയിലും അനുഭവത്തിലും പങ്കാളികൾ ആവുകയും ചെയ്യുന്നു. അവരുടെ ഈ ലോക ജീവിതം അവസാനിപ്പിക്കുന്നതിനു തൊട്ടു മുൻപ് പോലും അവർ ദൈവവചനത്താൽ ഭരമേൽപ്പിക്കപ്പെട്ട ആ ദിവ്യബലി അനുഭവത്തിലൂടെ നിത്യത ഉറപ്പിക്കുന്നു.
അങ്ങനെ, വിശ്വാസം എപ്പോഴും ദൈവത്തിന്റെ വചനത്തോടുള്ള അനുസരണയുള്ള പ്രതികരണമാണ്. പാപികൾക്ക് അവനെ സമീപിക്കാനുള്ള ഏക മാർഗ്ഗം യേശുവാണെന്ന് ദൈവം വെളിപ്പെടുത്തിയിരിക്കുന്നു. ഈ വിശ്വാസം അവർ മരിച്ചിട്ടും ഞങ്ങളിൽ കൂടി ജീവിപ്പിക്കുന്നു അങ്ങനെ ആദം മുതൽ ഹബേലിൽ കൂടി പൂർവികർ വഴി ദൈവവചനം നമ്മുടെ വാങ്ങിപ്പോയ മാതാപിതാക്കൾ വഴി നമ്മോട് സംസാരിക്കപ്പെട്ടു ഇനിയും സംസാരിച്ചു കൊണ്ടേ ഇരിക്കും. കേൾക്കുന്ന മക്കൾ ഭാഗ്യവാന്മാർ.
*3. ദൈവവചനത്തിൽ വിശ്വസിച്ച് പ്രവർത്തിച്ച ബലി മുഖാന്തിരം പാപി നീതിമാനാണെന്നുള്ള യേശുവിന്റെ സാക്ഷ്യം നേടുന്നു.*
വചനം പറയുന്നു, "വിശ്വാസം മൂലം ആബേല് കായേന്റേതിനെക്കാള് ശ്രേഷ്‌ഠമായ ബലി ദൈവത്തിനു സമര്പ്പിച്ചു. അതിനാല്, അവന് നീതിമാനായി അംഗീകരിക്കപ്പെട്ടു. അവന് സമര്പ്പി ച്ചകാഴ്‌ചകളെക്കുറിച്ചു ദൈവം തന്നെ സാക്‌ഷ്യം നല്കി. (ഹെബ്രായര് 11 : 4) അവൻ മാതാപിതാക്കളിൽ നിന്നും കേട്ട ദൈവവചനത്തിൽ ഉള്ള വിശ്വാസത്താൽ തന്റെ യാഗം അർപ്പിച്ചതിനാൽ, ഹാബെലിന്റെ യാഗം സ്വീകാര്യമാണെന്ന് ദൈവം സാക്ഷ്യപ്പെടുത്തി. അതേസമയം കയീനുടേത് അങ്ങനെയല്ല. യേശു തമ്പുരാൻ ഹാബെലിനെ "നീതിമാനായ ഹാബെൽ" (മത്താ. 23:35) എന്നാണ് പരാമർശിച്ചത്. അതായത് മാതാപിതാക്കളാൽ ദൈവവചനം കേട്ട് പഠിക്കുകയും തങ്ങൾ പാപികൾ എന്ന് തിരിച്ചറിഞ്ഞു ദൈവവചന പ്രകാരം ഉള്ള അപ്പവീഞ്ഞ്കളുടെ ബലിയിൽ കൂടി ഇന്നും സ്വർഗ്ഗത്തോട് നിരപ്പാകുകയും ചെയ്യുന്ന എല്ലാ മക്കൾക്കും അവരുടെ മാതാപിതാക്കൾക്ക് ലഭിച്ച അതേ സാക്ഷ്യം, ഹാബേലിനെ കുറിച്ച് കർത്താവ് നൽകിയ സാക്ഷ്യം ലഭിക്കും. മക്കൾ അപ്പന്റെ ശബ്ദം തുടർന്നും കേൾക്കുകയും ചെയ്യും.
*ഉപസംഹാരം*
എന്റെ തലതൊട്ടു വിശ്വാസം ഏറ്റുപറഞ്ഞു എന്നെ ക്രിസ്തുവിലേക്ക് ജീവിപ്പിക്കാൻ മധ്യവർത്തിയായി നിന്ന അച്ചാച്ചൻ ഇനി ഈ ലോകത്തു ഇല്ല. അതുകൊണ്ട് തന്നെ കഴിഞ്ഞ ദിവസം എഴുതിയ "ഈ ശിശു ആരാണ്" എന്നുള്ള ലേഖനം തൊട്ട് ഇനി അങ്ങോട്ട് ഉള്ള ഒന്നും അദ്ദേഹം വായിക്കില്ല. പക്ഷെ ഞങ്ങളുടെ ഈ ലോകത്തും പൂർവികരുടെ ആ ലോകത്തും മുഴങ്ങുന്ന ദൈവവചനത്തിന്റെ ശബ്ദം ഞങ്ങൾ എല്ലാവരും കേൾക്കും. വിശ്വാസത്താൽ നീതികരിക്കപ്പെട്ട മരണമടഞ്ഞവരുടെ ശബ്ദം ദൈവത്തിന്റെ വചനം മൂലം ഞങ്ങൾ കേൾക്കും. മരണം മൂലം നമ്മുടെ മാതാപിതാക്കൾ നമ്മിൽ നിന്നും വേർപെട്ടാലും അവർ ഹാബേലിനെ പോലെ തുടർന്നും സംസാരിക്കുന്ന ജീവൻ ഉള്ള ആത്മാക്കൾ ആണ്. അവർ നമുക്ക് നൽകിയ ഏറ്റവും വലിയ സ്വത്ത് യേശു മിശിഹായെ പറ്റിയുള്ള അറിവിന്റെ ജീവവചനങ്ങൾ ആണ്. ആ ജീവന്റെ വചനങ്ങളിൽ ഉള്ള വിശ്വാസം ആണ് നമുക്ക് നിത്യജീവൻ നൽകുന്നത്. നാമും നമ്മുടെ മാതാപിതാക്കളും യഥാർത്ഥത്തിൽ കേവലം പാപികൾ ആയ മനുഷ്യജന്മങ്ങൾ ആണ്. ദൈവത്തിന്റെ വചനം കേട്ടതു വഴി ആണ് നമുക്ക് നിത്യജീവന്റെ അനുഭവം ലഭിക്കുന്നത്. യേശു മശ്ശിഹായാണ് നമ്മെ നീതിഉള്ളവർ ആക്കുന്നത്. പൂർവ്വികർ വഴി നമുക്ക് ലഭിച്ച ശബ്ദം വചനത്തിന്റെ സ്വരം ആണ്. ആ ശബ്ദം തുടർന്നു കൊണ്ടേയിരിക്കും. കേൾക്കാൻ ചെവിയുള്ളവൻ കേൾക്കട്ടെ.

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ